ന്യൂഡല്‍ഹി: നടിയും അമരാവതിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ നവനീത് കൗര്‍ റാണയ്ക്ക് ആശ്വാസം. നവനീത് റാണ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് സുപ്രീം കോടതി വിധിച്ചു. ബോംബെ ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച വിധി സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഇതോടെ നവനീത് റാണയ്ക്ക് സംവരണ സീറ്റില്‍ മത്സരിക്കാനാകും. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നവനീത് റാണ വിജയിച്ചിരുന്നു.
എന്നാല്‍ വ്യാജ ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് നവനീത് റാണ സംവരണ സീറ്റില്‍ മത്സരിച്ചതെന്നായിരുന്നു പരാതി. കേസില്‍ 2021 ല്‍ ബോംബെ ഹൈക്കോടതി, നവനീത് റാണ സിഖ് ചാമര്‍ വിഭാഗത്തില്‍പ്പെടുന്നയാളാണെന്നും, വ്യാജമായി ‘മോചി’ ജാതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചതാണെന്നും വിധിച്ചു.
ഇതിനെതിരെയാണ് നവനീത് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ബന്ധപ്പെട്ട രേഖകള്‍ എല്ലാം പരിശോധിച്ചശേഷമാണ് സ്‌ക്രൂട്ട്‌നി കമ്മിറ്റി നവനീതിന് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും, അതുകൊണ്ടു തന്നെ സ്‌ക്രൂട്ട്‌നി കമ്മിറ്റി ഉത്തരവില്‍ ഇടപെടേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബോംബെ ഹൈക്കോടതിയുടെ വിധി റദ്ദാക്കുകയും ചെയ്തു.
Be the first to comment