പാനൂരിൽ നിന്നും പൊലീസ് കൂടുതല്‍ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂര്‍: പാനൂരിൽ നിന്നും കൂടുതല്‍ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ഏഴ് സ്റ്റീൽ ബോംബുകളും സ്ഫോടക വസ്തുക്കളുമാണ് പോലീസ് കണ്ടെത്തിയത്. മുള്ളാണി, കുപ്പിച്ചില്ല്, വെള്ളാരംകല്ല് എന്നിവയും സ്ഥലത്തു നിന്ന് കണ്ടെടുത്തു. സമീപത്തായി ബോംബ് നിർമ്മാണത്തിന് ഉപയോഗിച്ച വേറെയും കേന്ദ്രങ്ങളുള്ളതായാണ് വിവരം. പ്രദേശത്ത് പരിശോധന നടത്താൻ ബോംബ് സ്വകാഡിന് നിർദേശം നല്‍കിയിട്ടുണ്ട്.

ദിവസങ്ങളായി പ്രദേശത്ത് ബോംബ് നിർമ്മാണം നടക്കുന്നതായാണ് സൂചന. അറസ്റ്റിലായവർക്ക് ബോംബ് നിർമ്മാണത്തിൽ പരിചയമുള്ളതായും വിവരമുണ്ട്. പിടിച്ചെടുത്ത ബോംബുകൾ നിർവീര്യമാക്കും. പാനൂരില്‍ നിര്‍മാണത്തിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചത്. 10 പേരാണ് സംഘത്തിലുണ്ടായിരുന്നത്. മൂന്ന് പേർ പരിക്കേറ്റ് ചികിത്സയിലാണ്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒരാൾ കസ്റ്റഡിയിലും രണ്ടു പേർ ഒളിവിലുമാണ്.

പരിക്കേറ്റ മൂളിയാത്തോട്  ഷെറിന്‍ ആണ് (31) മരിച്ചത്. സ്ഫോടനത്തില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ മകന്‍ കൂടിയായ മൂളിയാത്തോട് വലിയപറമ്പത്ത് വിനീഷിന്റെ ഇരുകൈകളും അറ്റുപോയിരുന്നു. വീനിഷ് കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം തന്നെ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തലത്തിലാണ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*