വിഴിഞ്ഞത്ത് ക്രയിനുകളെത്തി; തുറമുഖം ഓണത്തിന് പ്രവർത്തനം തുടങ്ങും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഓണത്തോട് കൂടി കേരളത്തിന് സമർപ്പിക്കുമെന്ന് അദാനി ഗ്രൂപ്പ് വാർത്താ കുറിപ്പ് ഇറക്കിയതിന് പിന്നാലെ ക്രയിനുകൾ വിഴിഞ്ഞത്ത് എത്തിത്തുടങ്ങി. 6 യാഡ് ക്രയിനുകളുമായി ഷെൻഹുവ 16 എന്ന ചൈനീസ് കപ്പലാണ് വിഴിഞ്ഞത്തെത്തിയത്. നേരത്തെ 15 ക്രയിനുകൾ വിഴിഞ്ഞത്ത്‌ എത്തിച്ചിരുന്നു. ആകെ 32 ക്രയിനുകളാണ് തുറമുഖ പ്രവർത്തനങ്ങൾക്ക് വേണ്ടത്. ആവശ്യമായ ബാക്കി ക്രയിനുകളും ഈ മാസം തന്നെ എത്തിക്കുമെന്ന് അദാനി പോർട്സ് മാനേജ്മെന്റ് അറിയിച്ചു. ട്രയൽ റൺ മെയ് മാസത്തില്‍ ആരംഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. വലിയ ബാർജുകൾ എത്തിച്ചായിരിക്കും ട്രയൽ റൺ ആരംഭിക്കുക.

2959 മീറ്ററാണ് തുറമുഖത്തിൻ്റെ പ്രധാന ബ്രേക്ക് വാട്ടറിൻ്റെ ആകെ നീളം. ഇതിൻ്റെ 90 ശതമാനം പണിയും ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. 800 മീറ്റർ ബർത്തിലെ 650 മീറ്ററും പണി പൂർത്തിയായി‌ട്ടുണ്ട്. തുറമുഖത്ത് ആവശ്യമായ യാർഡ് ക്രെയിനുകളും ഷിപ്പ് ടു ഷോ‍ർ ക്രെയിനുകളും ഏപ്രില്‍ ആകുമ്പോഴേക്ക് പൂർണ്ണമായും എത്തും. നിലവിൽ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോ‍ഡിൻ്റെ നിർമ്മാണം നടക്കുന്നുണ്ട്. 1.7 കിലോമീറ്റർ ​ദൂരമാണ് റോഡ് നി‍‌ർമ്മിക്കുന്നത്.

രണ്ട് സബ്സ്റ്റേഷനുകളുടെ നിർമ്മാണം നേരത്തേ പൂർ‍ത്തിയായിരുന്നു. ഇനി നിർമ്മിക്കാനുള്ളത് കണ്ടെയ്നറുകൾ കപ്പലിൽ നിന്ന് ഇറക്കി വെക്കാനായുള്ള 3,80,000 ചതുരശ്ര മീറ്റർ കണ്ടെയ്നർ യാർഡാണ്. ഇതിൻ്റെ ആദ്യഘട്ടം പൂ‍ർത്തിയായിട്ടുണ്ട്. അ​ഗ്നിരക്ഷാ സംവിധാനങ്ങളുടെ സജ്ജീകരണം പുരോ​ഗമിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*