ട്രംപ് പ്രസിഡന്റ് ആയാൽ ബൈഡനും കുടുംബവും നേരിടേണ്ടി വരിക കടുത്ത നടപടികൾ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയാൽ നിലവിലെ പ്രസിഡന്റ് ജോ ബൈഡനെതിരെ ഫെഡറൽ അന്വേഷണങ്ങളും പ്രോസിക്യൂഷനും ട്രംപ് നടത്തുമെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ ആക്‌സിയോസ് ആണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിൽ ട്രംപ് നേരിടുന്ന അന്വേഷണങ്ങളും തുടർനടപടികളുമെല്ലാം ജോ ബൈഡനെതിരെയും ഉണ്ടാവുമെന്നാണ് ട്രംപിൻ്റെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ‘ബൈഡൻ്റെ നീതിന്യായ വകുപ്പിൽ നിന്ന് നിങ്ങൾ കണ്ടതെല്ലാം ട്രംപിൽ നിന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാം.’ എന്നായിരുന്നു ട്രംപിൻ്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളുടെ പ്രതികരണം.

ട്രംപിനെതിരായ നിലവിലെ ഫെഡറൽ ആരോപണങ്ങൾ ബൈഡനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഒരു മാതൃകയാണെന്ന് ‘ട്രംപ് അനുകൂലി’ അഭിപ്രായപ്പെട്ടതായും ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു. 44 ക്രിമിനൽ കുറ്റാരോപണങ്ങളും, രഹസ്യവിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് 40 ഉം 2020 ലെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് നാല് കേസുകളും ട്രംപിനെതിരെ നിലനിൽക്കുന്നുണ്ട്. ഫെഡറൽ ആരോപണങ്ങൾ നിരസിക്കാനോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ നിരപരാധിയായി പ്രഖ്യാപിക്കാനോ ട്രംപിന് കഴിയുമെങ്കിലും അമേരിക്കൻ സ്റ്റേറ്റുകളിൽ നിലനിൽക്കുന്ന ആരോപണങ്ങളിൽ തുടർനടപടികളുമായി മുന്നോട്ട് പോകേണ്ടി വരും.

നികുതി റിട്ടേണിലെ തട്ടിപ്പും ബലാത്സംഗ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ട്രംപിനെതിരായ സിവിൽ കേസുകളും ന്യൂയോർക്ക് കോടതിയിൽ നിലനിൽക്കുന്നുണ്ട്. പ്രസിഡന്റായി ഇരിക്കുമ്പോൾതന്നെ രണ്ട് തവണ ട്രംപ് ഇംപീച്ച്‌മെന്റ് നടപടികൾ നേരിട്ടിരുന്നു. നേരത്തെ ജോ ബൈഡൻ്റെ മകൻ ഹണ്ടർ ബൈഡൻ ഉൾപ്പെട്ട അഴിമതിയുടെ പേരിൽ ബൈഡനെ ഇംപീച്ച് ചെയ്യാൻ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല.

ബൈഡന് അഴിമതിയിൽ പങ്കുണ്ടെന്നും ട്രംപിൻ്റെ നീതിന്യായ വകുപ്പ് നടപടിയെടുക്കണമെന്നും ട്രംപ് അനുകൂലിയും അഭിഭാഷകനുമായ മൈക്ക് ഡേവിഡ് ആവശ്യപ്പെട്ടു. അതേസമയം ട്രംപിൻ്റെയും അനുകൂലികളുടെയും നടപടികളെ ട്രംപിൻ്റെ രണ്ടാമത്തെ ഇംപീച്ച്മെന്റിൽ മാനേജരായി സേവനമനുഷ്ഠിച്ച മേരിലാൻഡിൽ നിന്നുള്ള ഡെമോക്രാറ്റ് നേതാവ് ജാമി റാസ്‌കിൻ വിമർശിച്ചു. ‘ഡൊണാൾഡ് ട്രംപിൻ്റെ ക്രിമിനൽ പ്രതികാര പ്രചാരണം അവർ പ്രാപ്തമാക്കാൻ പോകുന്നുവെന്ന് പറയുമ്പോൾ, റിപ്പബ്ലിക്കൻമാർ ഇതിനെ ഒരു പ്രഹസനത്തിൽ നിന്ന് ദുരന്തത്തിലേക്ക് കൊണ്ടുപോകുന്നു.’ എന്നായിരുന്നു ജാമി റാസ്‌കിൻ്റെ പ്രതികരണം.

 

Be the first to comment

Leave a Reply

Your email address will not be published.


*