കനേഡിയൻ എംബസികളിലെ ഇന്ത്യക്കാരായ ജീവനക്കാരുടെ എണ്ണം കുറച്ച് കാനഡ

കനേഡിയൻ എംബസികളിലെ ഇന്ത്യക്കാരായ ജീവനക്കാരുടെ എണ്ണം കുറച്ച് കാനഡ. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. നൂറോളം ഇന്ത്യക്കാരായ ജീവനക്കാർക്ക് ജോലി നഷ്ടമായി. നിർബന്ധിത സാഹചര്യത്തിൽ വിഷമത്തോടെ എടുത്ത തീരുമാനമെന്നാണ് കാനഡയുടെ പ്രതികരണം. മുംബൈ, ചണ്ഡീഗഡ്, ബംഗളൂരു കൗൺസിലേറ്റുകളുടെ സേവനങ്ങളും വെട്ടികുറച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി 41 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ കഴിഞ്ഞവർഷം ഇന്ത്യ മടക്കി അയച്ചിരുന്നു.

പിരിച്ചുവിട്ട ജീവനക്കാരുടെ കൃത്യമായ എണ്ണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് 100ൽ താഴെയാണെന്നാണ് സൂചന. ജീവനക്കാരുടെ കുറവ് സ്ഥിരീകരിച്ചുകൊണ്ട് ഹൈക്കമ്മീഷനിലെ മീഡിയ റിലേഷൻസ് ഉദ്യോഗസ്ഥനും കാന‍ഡയുടെ തീരുമാനത്തിൻ്റെ ഖേദം പ്രകടിപ്പിച്ചു. ജീവനക്കാർ അർപ്പിച്ച സഹിഷ്ണുതയ്ക്കും അർപ്പണബോധത്തിനും സേവനത്തിനും ആത്മാർത്ഥമായി നന്ദി അറിയിക്കുന്നുവെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. അതേസമയം കാനഡയുടെ ഇന്ത്യയിലെ വിസ അപേക്ഷാ കേന്ദ്രങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നത് തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുണ്ടായിട്ടും നിയന്ത്രണം വച്ചുകൊണ്ട് ഇന്ത്യൻ പൗരന്മാരെ സ്വാ​ഗതം ചെയ്യുന്നത് കാനഡ തുടർന്നിരുന്നു. കാനഡയിൽ വച്ച് ഖലിസ്ഥാൻ നേതാവ് ഹർദീപ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിൽ നിന്നാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര വിള്ളൽ ഉടലെടുത്തത്. ഇതിന് മറുപടിയായി കനേഡിയൻ നയതന്ത്രജ്ഞർ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് ഇന്ത്യ ആരോപിക്കുകയും ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*