സ്വർണം ഇറക്കുമതി കുത്തനെ കുറഞ്ഞു

കൊച്ചി: സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതോടെ ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി കുത്തനെ കുറയുന്നു. മാര്‍ച്ച് മാസം മുതല്‍ സ്വര്‍ണ ഉപയോഗത്തിലുണ്ടായ ഇടിവും ഇറക്കുമതിയെ ബാധിക്കുകയാണെന്ന് ബാങ്കിങ് മേഖലയിലുള്ളവര്‍ പറയുന്നു.

വ്യാഴാഴ്ച ഇന്ത്യയിലെ സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 52,960 രൂപയിലെത്തിയിരുന്നു. ഇതോടെ ജ്വല്ലറികളും ചെറുകിട നിക്ഷേപകരും സ്വര്‍ണം വാങ്ങുന്നതില്‍ കുറവ് വരുത്തി. ഇതോടൊപ്പം ഉപയോക്താക്കള്‍ പഴയ സ്വര്‍ണം വില്‍ക്കുന്നതിലും വലിയ വർധനയാണ് ദൃശ്യമാകുന്നത്. ഇതാണ് ജ്വല്ലറികള്‍ സ്വര്‍ണം വാങ്ങുന്നതില്‍ കുറവ് വരുത്താന്‍ കാരണം.

മാര്‍ച്ചിലെ സ്വര്‍ണ ഇറക്കുമതി മുന്‍മാസത്തേക്കാള്‍ 90 ശതമാനം ഇടിവോടെ 11 മെട്രിക് ടണ്ണിലെത്തി. ഫെബ്രുവരിയില്‍ സ്വര്‍ണ ഇറക്കുമതി 110 മെട്രിക് ടണ്ണായിരുന്നു. വില സ്ഥിരത കൈവരിച്ചതിന് ശേഷം മാത്രം സ്വര്‍ണ ഇറക്കുമതി ഊര്‍ജിതമാക്കാനാണ് ബാങ്കുകള്‍ ആലോചിക്കുന്നത്. ജ്വല്ലറികളുടെ ആവശ്യത്തിനുള്ള സ്വര്‍ണം ബാങ്കുകള്‍ വഴിയാണ് ഇറക്കുമതി നടത്തുന്നത്.

അതിനിടെ ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് സ്വര്‍ണ ശേഖരം ഗണ്യമായി കൂട്ടുകയാണ്. നിലവില്‍ ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണ ശേഖരമുള്ള ആദ്യ പത്ത് കേന്ദ്ര ബാങ്കുകളിലൊന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ്. റിസര്‍വ് ബാങ്കിന്‍റെ സ്വര്‍ണ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ നികുതി ഇളവ് നല്‍കിയിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് റിസര്‍വ് ബാങ്കില്‍ 830 മെട്രിക് ടണ്‍ സ്വര്‍ണത്തിന്‍റെ ശേഖരമാണുള്ളത്.

ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ സ്വര്‍ണ ഇറക്കുമതി ഗണ്യമായി കൂടിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒന്‍പത് മാസക്കാലയളവില്‍ സ്വര്‍ണ ഇറക്കുമതി 26.7 ശതമാനം ഉയര്‍ന്ന് 3595 കോടി ഡോളറിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ സ്വര്‍ണ ഇറക്കുമതി 2840 കോടി ഡോളറായിരുന്നു. ഡിസംബറില്‍ മാത്രം മുന്നൂറ് കോടി ഡോളറിന്‍റെ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി നടത്തിയത്. സ്വിറ്റ്സര്‍ലൻഡില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും സ്വര്‍ണം ഇറക്കുമതി നടത്തുന്നത്.

മൊത്തം ഇറക്കുമതിയുടെ 41 ശതമാനവും ഇവിടെ നിന്നാണ്. യുഎഇ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യ സ്വര്‍ണം ഇറക്കുമതി നടത്തുന്നുണ്ട്. നിലവില്‍ സ്വര്‍ണ ഇറക്കുമതിക്ക് ഇന്ത്യ 15 ശതമാനം നികുതിയാണ് ഈടാക്കുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ വിപണിയായ ഇന്ത്യയില്‍ ആഭരണ മേഖലയിലാണ് ഉപയോഗം കൂടുതലുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*