ബലാത്സംഗക്കേസ് പ്രത്യേക അധികാരം ഉപയോഗിച്ച് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: മലയാളി യുവാവിനെതിരായ ബലാത്സംഗക്കേസ് പ്രത്യേക അധികാരം ഉപയോഗിച്ച് സുപ്രീം കോടതി റദ്ദാക്കി. കണ്ണൂർ സ്വദേശിക്കെതിരായ കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്. കണ്ണൂർ സ്വദേശിയുടെ സുഹൃത്തായ യുവതി പരാതി നൽകിയിരുന്നു. 2006-2010 കാലത്തു ചെന്നൈയിൽ എൻജിനീയറിങ്ങിനു പഠിച്ചിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. പഠനത്തിനു പിന്നാലെ യുവാവിനു ബംഗളൂരുവിൽ ജോലി ലഭിച്ചു. 

യുവതിക്കു ജോലി ലഭിച്ചത് ചെന്നൈയിലും. ജോലി ലഭിച്ച ശേഷവും ബന്ധം തുടർന്ന യുവാവ്, പിന്നീട് വിവാഹ വാഗ്ദാനത്തിൽനിന്ന് പിൻമാറി. ഇതോടെയാണ് പീഡനപരാതിയുമായി യുവതി തമിഴ്‌നാട് പോലീസിനെ സമീപിച്ചത്. തുടർന്ന് ഈ വിദ്യാർത്ഥിയെത്തന്നെ വിവാഹം ചെയ്യാമെന്ന് പോലീസിന്‍റെ സാന്നിധ്യത്തിൽ യുവാവും കുടുംബവും എഴുതി നൽകിയെങ്കിലും അതിൽ നിന്നും വീണ്ടും പിൻമാറി. 

ശേഷം യുവാവ് ദുബായിലേക്ക് പോയി. യുവാവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച  തുട‍ര്‍ന്ന് ഇയാളെ കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിനെതിരെ മദ്രാസ് ഹൈക്കോടതിയെ യുവാവ് സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസിന്‍റെ ഗുരുതര സ്വഭാവം പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി ഹർജി അനുവദിക്കാതിരുന്നത്. തുടർന്നാണ് യുവാവ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. 

ചെന്നൈയിലെ പഠനകാലത്തു 150-ലേറെ തവണ പീഡിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് മലയാളി പെൺകുട്ടി പരാതി നൽകിയത്. ചെങ്കൽപ്പേട്ട് സെഷൻസ് കോടതിയിൽ കേസിലെ വിചാരണ തുടങ്ങാനിരിക്കെയാണ് സുപ്രീം കോടതി നടപടി. വൈദ്യ പരിശോധനയിൽ യുവതി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. അഭിഭാഷകൻ എം ആർ അഭിലാഷ് ഹർജിക്കാരന് വേണ്ടി ഹാജരായി.

Be the first to comment

Leave a Reply

Your email address will not be published.


*