
ഇന്ത്യ മതേതര രാജ്യമായി തന്നെ നിലനില്‍ക്കണമെന്ന് രാജ്യത്തെ 79 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നതായി ലോക്‌നീതി-സിഎസ്ഡിഎസ് പ്രീപോള്‍ സര്‍വെ ഫലം. പതിനൊന്നു ശതമാനം പേരാണ് രാജ്യം ഹിന്ദുരാഷ്ട്രമാക്കണമെന്ന് ആഗ്രഹിക്കുന്നത്. പത്തു ഹിന്ദുക്കളില്‍ എട്ടുപേരും ഇന്ത്യ മതേതര രാജ്യമായി തുടരണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും സര്‍വെയില്‍ പറയുന്നു.
യുവാക്കളില്‍ 81 ശതമാനം പേരും രാജ്യം മതേതര സ്വഭാവത്തില്‍ തുടരണമെന്ന് ആഗ്രഹമുള്ളവരാണ്. മുതിര്‍ന്നവരില്‍ 73 ശതമാനം പേരും ഈ ആശയം പിന്തുടരുന്നവരാണ്. വിദ്യാഭ്യാസം നേടിയ 83 ശതമാനം പേരും എല്ലാ മതങ്ങള്‍ക്കും തുല്യ പദവി വേണമെന്ന ചിന്താഗതിക്കാരാണ്.
നഗര മേഖലകളിലാണ് സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് കാണാന്‍ സാധിക്കുന്നത്. എന്നാല്‍, ഗ്രാമങ്ങളില്‍ താമസിക്കുന്നവരില്‍ നിന്ന് വ്യത്യസ്തമായി, നഗരവാസികള്‍ മതേതരത്വത്തില്‍ കൂടുതല്‍ വിശ്വസിക്കുന്നതായും സര്‍വെ പറയുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍, ജനങ്ങളുടെ മതേതര കാഴ്ചപ്പാടുകളുടെക്കുറിച്ചുള്ള സര്‍വെ ഫലം നിര്‍ണായകമാണ്.
67 ശതമാനം മുസ്ലീങ്ങളും മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും പട്ടികജാതികളില്‍ നിന്നുള്ള 63 ശതമാനം ഹിന്ദുക്കളും 59 ശതമാനം പട്ടികവര്‍ഗ്ഗക്കാരും ജോലി ലഭിക്കുന്നതിന് ആശങ്കയുള്ളവരാണ്. അതേസമയം മുന്നാക്കവിഭാഗത്തില്‍ നിന്നുള്ള ഹിന്ദുക്കളില്‍ 17 ശതമാനം പേരും ജോലി ലഭിക്കുന്നത് എളുപ്പമാണെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ വിഭാഗത്തിലെ 57 ശതമാനം പേരും ജോലി ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നു എന്ന നിലപാടുള്ളവരാണ്.
2019 ലെ തിരഞ്ഞെടുപ്പിലെ പഠനവുമായി താരതമ്യം ചെയ്താല്‍, തൊഴിലില്ലായ്മ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്നവരുടെ അനുപാതം 11 ശതമാനത്തില്‍ നിന്ന് 27 ശതമാനമായി വര്‍ധിച്ചു. വിലക്കയറ്റവുമായി ബന്ധപ്പെട്ട്, പ്രതികരിച്ചവരില്‍ 71 ശതമാനം പേരും രാജ്യത്ത് വില കുത്തനെ വര്‍ധിച്ചതായി അഭിപ്രായപ്പെട്ടു. 76 ശതമാനം ദരിദ്രവിഭാഗത്തില്‍ നിന്നുള്ളവരും 76 ശതമാനം മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരും 75 ശതമാനം ആളുകള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരും സമാനമായ അഭിപ്രയമുള്ളവരാണ്.
Be the first to comment