‘ആടുജീവിതം’ തിയേറ്റർ വിടില്ല; 16-ാം ദിവസവും കോടികൾ കളക്ഷൻ

മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന ചിത്രമാണ് ‘ആടുജീവിതം’. അതിവേഗത്തിലാണ് ചിത്രം 100 കോടി കീഴടക്കിയത്. പൃഥ്വിരാജ് നായകനായ ആടുജീവിതം കേരള കളക്ഷനില്‍ വൻ കുതിപ്പാണ് നടത്തുന്നത്. വിഷു റിലീസായി ഫഹദ് ഫാസിലിന്റെ ‘ആവേശ’വും വിനീത് ശ്രീനിവാസൻ സംവിധാനത്തിൽ ‘വർഷങ്ങൾക്ക് ശേഷ’വും തിയേറ്ററുകളിൽ എത്തിയിട്ടും ആടുജീവിതത്തിന്റെ മുന്നേറ്റത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇന്ത്യയിൽ ആദ്യ ദിനം ആടുജീവിതം 7.6 കോടിയാണ് നേടിയത്. സാക്നിൽക് റിപ്പോർട്ടനുസരിച്ച് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്ത് 16-ാം ദിവസം 1.65 കോടി രൂപ കളക്ഷൻ നേടി. ഇതുവരെ ഇന്ത്യയിൽ നിന്ന് മാത്രം ചിത്രത്തിന് 69.80 കോടി രൂപ സ്വന്തമാക്കാനായിട്ടുണ്ട്. കഴിഞ്ഞ ദിവസവും സിനിമയുടെ ഒക്യുപ്പൻസി നിരക്ക് 53.22 ശതമാനമാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ മാർച്ച് 28 നാണ് ചിത്രം റിലീസിന് എത്തിയത്.

ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ ബെന്യാമിൻ്റെ മലയാളം ബെസ്റ്റ് സെല്ലറായ നോവൽ ‘ആടുജീവിതം’ത്തിന്റെ അഡാപ്റ്റേഷനാണ്. സൗദി അറേബ്യയിലെ മരുഭൂമിയിൽ അടിമത്തം അനുഭവിച്ച ഒരു മലയാളിയുടെ യഥാർത്ഥ ജീവിത കഥയാണ് ചിത്രം പറയുന്നത്. ആടുജീവിതം ആഗോളതലത്തില്‍ 126 കോടി രൂപയോളം നേടിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ആടുജീവിതത്തിന് സംഗീതം നൽകിയത് എ ആർ റഹ്മാനും ബക്ക്​ഗ്രൗണ്ട് സ്കോ‍‍ർ ഒരുക്കിയത് റസൂ‍ൽ പൂക്കുട്ടിയുമാണ്. സിനിമയ്ക്ക് എല്ലാ കോണിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*