
ഏറ്റുമാനൂർ : വിഷുവിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവേ കണി വെള്ളരിക്കായി ആവശ്യക്കാരേറെ. നഗരത്തിലേയും നാട്ടും പുറത്തേയും കടകളിലെല്ലാം കണിവെള്ളരികൾ സ്ഥാനം പിടിച്ചിട്ടുണ്ട്. പെട്ടെന്ന് കേടാവുന്ന തരത്തിലുള്ളതും കറിക്കും മറ്റും സാധാരണ ഗതിയിൽ ഉപയോഗിക്കാത്തതുമാണ് കണി വെള്ളരികൾ.
അതിനാൽ വിഷു വിപണി മുന്നിൽ കണ്ടാണ് കണിവെള്ളരിയുടെ കൃഷി. വിഷുവിനു 3 ദിവസം മുൻപ് വിപണി സജീവമാകും.വിഷു തലേന്നോടു കൂടി വിപണി അവസാനിക്കുകയും ചെയ്യും. ചെറുകിട കച്ചവടക്കാർ കൂടുതൽ സാധനം സ്റ്റോക്ക് ചെയ്യാറില്ല. അതിനാൽ കഴിഞ്ഞ വർഷം വിഷു തലേന്ന് ഏറ്റുമാനൂരിൽ കണിവെള്ളരി കിട്ടാക്കനിയായിരുന്നു.
ഇത്തവണആ സ്ഥിതി വരാതിരിക്കാനാണ് നാട്ടുകാർ ദിവസങ്ങൾക്കു മുൻപേ കണിവെള്ളരി വാങ്ങി സൂക്ഷിക്കുന്നത്. ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെ ലോഡ് കണക്കിനു സാധനങ്ങളാണ് ഏറ്റുമാനൂരിലെ പച്ചക്കറി മൊത്ത വിൽപന ശാലകളിൽ എത്തിച്ചിരിക്കുന്നത്. വിഷു പുലരിയിൽ കണി കണ്ടുണരുമ്പോൾ കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ് സ്വർണ പ്രഭയിൽ തിളങ്ങി നിൽക്കുന്ന കണി വെള്ളരികൾ.
അതിനാൽ സ്വർണ വർണത്തിലുള്ള അഴകൊത്ത കണി വെള്ളരികൾക്ക് ഡിമാന്റും ഏറെയാണ്. മലപ്പുറം മഞ്ചേരിയിൽ നിന്നാണ് ഏറ്റുമാനൂരിലേക്ക് കണിവെള്ളരി എത്തുന്നത്. 25 രൂപയാണ് മൊത്ത വിൽപന വില, 35 രൂപയ്ക്കാണ് ചില്ലറ വിൽപന നടത്തുന്നത്.
Be the first to comment