തിരുവനന്തപുരം: രേഖകള്‍ മലയാളത്തില്‍ മാത്രമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം. ഗതാഗത കമ്മീഷണറാണ് നിര്‍ദ്ദേശം നല്‍കിയത്. മിക്ക രേഖകളും ഇപ്പോള്‍ ഇംഗ്ലീഷിലാണെന്നും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകള്‍ നിര്‍ബന്ധമായും മലയാളത്തില്‍ ആയിരിക്കണമെന്നുമാണ് ഉത്തരവ്.
പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകളില്‍പ്പോലും ഭരണഭാഷ മലയാളമെന്ന സര്‍ക്കാര്‍ ചട്ടം പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. എല്ലാ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും എന്‍ഫോഴ്സ്‌മെന്റ് വിഭാഗത്തിനുമാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
അപേക്ഷകന് ലഭിക്കുന്ന മറുപടിക്കത്തുകള്‍പോലും ഇംഗ്ലീഷിലാണെന്ന് ആരോപിച്ച് പാലക്കാട് സ്വദേശി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഔദ്യോഗികഭാഷ മലയാളമാക്കിയ സര്‍ക്കാര്‍, ഉത്തരവുകളും നിര്‍ദ്ദേശങ്ങളുമെല്ലാം മലയാളത്തില്‍ ആയിരിക്കണമെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയതാണ്.
Be the first to comment