കൂച്ച് ബിഹാര്‍ ലോക്‌സഭ മണ്ഡലം സന്ദര്‍ശിക്കുന്നതില്‍ നിന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

കൂച്ച് ബിഹാര്‍ ലോക്‌സഭ മണ്ഡലം സന്ദര്‍ശിക്കുന്നതില്‍ നിന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ സമയം നിലവില്‍ വന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാളേയും മറ്റന്നാളുമാണ് ആനന്ദബോസിന്റെ കൂച്ച് ബിഹാര്‍ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.

19-നാണ് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ്. നിശബ്ദ പ്രചാരണ സമയം ആരംഭിച്ചാല്‍, പ്രമുഖ നേതാക്കളും മണ്ഡലത്തിലെ വോട്ടര്‍മാര്‍ അല്ലാത്തവരും മണ്ഡലത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് ചട്ടം. തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കും മുന്നൊരുക്കങ്ങള്‍ക്കും നിയോഗിച്ചിരിക്കുന്ന പോലീസിന്റേയും ഉദ്യോഗസ്ഥരുടേയും പ്രവര്‍ത്തനങ്ങള്‍ ഗവര്‍ണറുടെ സുരക്ഷാ ഡ്യൂട്ടിക്ക് വേണ്ടി മാറ്റേണ്ടിവരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണറുടെ ഓഫീസിന് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഗവര്‍ണര്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നു എന്നാരോപിച്ച് പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ”ലോഗ് സഭ” എന്ന പേരില്‍ ഗവര്‍ണര്‍ സമാന്തര തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നെന്നും ഇതില്‍ നിന്ന് വിലക്കണം എന്നുമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് കത്തില്‍ പറഞ്ഞിരുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലാണ് കൂച്ച് ബിഹാറില്‍ വോട്ടെടുപ്പ് നടക്കുന്നത്. 2019-ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച മണ്ഡലമാണ് ഇത്. ബിജെപി മണ്ഡലം പിടിക്കുന്നതിന് മുന്‍പ് ഇടതുപക്ഷമാണ് ഇവിടെ സ്ഥിരമായി ജയിച്ചിരുന്നത്. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിന് കീഴിലുള്ള ആറ് സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*