‘പുറത്തു വിടുന്നത് പേയ്ഡ് സർവേകളാണോ എന്ന് സംശയം’; വിമർശനവുമായി മുഖ്യമന്ത്രി

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന അഭിപ്രായ സർവേകൾ പേയ്ഡ് സർവേകളാണോ എന്ന് നാട്ടുകാർ സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക രീതിയിലാണ് സർവേ ഫലങ്ങൾ പുറത്തു വരുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം സർവേകൾ പുറത്തു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തു വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി സർവേകളെ രൂക്ഷമായി വിമർശിച്ചത്.

കെ.കെ. ശൈലജയ്‌ക്കെതിരായ സൈബർ ആക്രമണത്തെയും മുഖ്യമന്ത്രി വിമർശിച്ചു. ശൈലജയ്‌ക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ ശുദ്ധ തെമ്മാടിത്തമല്ലേ? ഇത്തരം തെമ്മാടിത്തരങ്ങൾ രാഷ്ട്രീയത്തിൽ അനുവദിക്കാമോ? ഇതിനെതിരെ അതതു പാർട്ടി നേതൃത്വങ്ങൾ മുന്നോട്ടു വരേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം ആളുകളെയും അവരുടെ ചെയ്തികളെയും തള്ളിക്കളയാൻ കോൺഗ്രസിന് എന്തിനാണ് മടി എന്നും അദ്ദേഹം ചോദിച്ചു.

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ യുഡിഎഫിന് വ്യക്തമായ നിലപാടില്ല. സ്വന്തം പാർട്ടിയുടെയും മുസ്ലീം ലീഗിന്‍റെയും പതാക ഉയർത്തി വോട്ടു ചോദിക്കാൻ അവർക്കാകുന്നില്ല. മത്സരം ഇപ്പോൾ അധികാരത്തിനു വേണ്ടി മാത്രമായി. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് അവസാനിക്കുന്നില്ല. കേരളത്തിലും ഇപ്പോഴിത് സംഭവിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിൽ നാലിൽ ഒന്നു സ്ഥാനാർത്ഥികളെ നൽകിയത് കോൺഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*