20 വർഷത്തിന് ശേഷം മോഹൻലാലിൻ്റെ നായികയായി ശോഭന എത്തുന്നു

20 വർഷത്തിന് ശേഷം നായിക- നായകന്മാരായി വീണ്ടും ഒന്നിക്കാനൊരുങ്ങി ശോഭനയും മോഹൻലാലും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വെള്ളിത്തിരയിലെ ഹിറ്റ് ജോഡി വീണ്ടും ഒന്നിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന 56 -ാം ചിത്രമാണിത്.

2009ൽ റിലീസ് ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’ക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ശോഭന തന്നെയാണ് പുതിയ ചിത്രത്തിൽ ഇരുവരും ഒന്നിക്കുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. മോഹൻലാലിൻ്റെ 360-ാം ചിത്രം കൂടിയാണിത്. നേരത്തെ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരു ജോഡികളും വീണ്ടും ഒന്നിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

‘മാമ്പഴക്കാലം’ എന്ന ചിത്രത്തിലായിരുന്നു മോഹൻലാലും ശോഭനയും അവസാനമായി നായകനും നായികയുമായി എത്തിയത്. L 360 എന്ന് താൽക്കാലികമായി പേരിട്ട ചിത്രം രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് നിർമ്മിക്കുന്നത്.

വർഷങ്ങൾക്കു ശേഷം താൻ വീണ്ടുമൊരു മലയാള സിനിമയിൽ അഭിനയിക്കുകയാണെന്നും താനും മോഹൻലാലും ഒന്നിച്ചുള്ള 56ാമത്തെ സിനിമയാണ് ഇതെന്നും ശോഭന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

ടാക്‌സി ഡ്രൈവറായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. കെ ആർ സുനിലാണ് ചിത്രത്തിൻ്റെ കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. പ്രമുഖ ദിനപത്രങ്ങളിൽ ലേഖനങ്ങൾ എഴുതുകയും നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനാകുകയും ചെയ്തിട്ടുള്ള കെ ആർ സുനിൽ മികച്ച ഫോട്ടോഗ്രാഫർ കൂടിയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*