കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തതിലാണ് രാഹുല്‍ ഗാന്ധിക്ക് പ്രയാസമെന്നായിരുന്നു വിമര്‍ശനം. രാഹുല്‍ ഗാന്ധിയുടെ നേരത്തെ പേരില്‍ നിന്ന് മാറിയിട്ടില്ല. കോണ്‍ഗ്രസിന് ഒരു മാറ്റവുമുണ്ടായിട്ടില്ല. കേരളത്തില്‍ തനിക്കെതിരെ സംസാരിക്കുന്നവരെ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ജയിലെന്ന് കേട്ടാല്‍ പേടിക്കുന്നവരല്ല സിപിഐഎമ്മുകാര്‍. ജയിലും കേന്ദ്ര ഏജന്‍സിയെയും കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഡിയെ വിമര്‍ശിച്ച മുഖ്യമന്ത്രി ബഹുമാന്യരായ വ്യക്തികളെ ഇഡി അപമാനിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ഇഡി മൊഴിയെടുക്കാന്‍ വിളിച്ച് മണിക്കൂറുകളോളം ഇരുത്തുന്നു. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കാന്‍ അവസരം ഉണ്ടാക്കി നല്‍കുകയാണ്.
പ്രതിപക്ഷത്തെ നേതാക്കളെ ബിജെപി വ്യാപകമായി തേടി പിടിക്കുന്നു. ജയിലും അറസ്റ്റും കാട്ടി ഭീഷണിപ്പെടുത്തുന്നു. ബിജെപിയില്‍ ചേരുന്ന നേതാക്കള്‍ സംശുദ്ധരായി മാറുന്നു. ഡിഎല്‍എഫ് 170 കോടി രൂപ ഇലക്ടറല്‍ ബോണ്ട് ഇനത്തില്‍ ബിജെപിക്ക് നല്‍കി. ഇലക്ടറല്‍ ബോണ്ടിന്റെ ഗുണ ഫലം കോണ്‍ഗ്രസിനും ലഭിച്ചു. കെജ്‌രിവാളിനെതിരെയുള്ള കേസ് ഉയര്‍ത്തിക്കൊണ്ട് വന്നത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
കിഫ്ബി വിശ്വാസ്യതയുള്ള സ്ഥാപനമാണ്. കോണ്‍ഗ്രസിന്റെ പഴയ രീതിയില്‍ ഇപ്പോഴും മാറ്റമില്ല. കിഫ്ബിയില്‍ കോണ്‍ഗ്രസിന്റെ നിലപാട് ആരെയാണ് സഹായിക്കുന്നത്. കിഫ്ബിക്ക് വന്‍ സാമ്പത്തിക വിശ്വാസ്യത ഉണ്ട്. മസാല ബോണ്ട് കേരളത്തിന്റെ യശ്ശസ് എടുത്ത് കാട്ടുന്നു. കിഫ്ബിക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. വാങ്ങിയ പണം തിരിച്ചടച്ചു. രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Be the first to comment