കണ്ണൂര്‍:പുതുച്ചേരി മണ്ഡലത്തിന്‍റെ ഭാഗമായ മാഹിയിലും ഇന്ന് ജനവിധി. രാവിലെ മുതൽ മികച്ച പോളിങാണ്. മുഴുവൻ ബൂത്തുകളും വനിതകൾ നിയന്ത്രിക്കുന്നുവെന്ന റെക്കോർഡും മാഹിക്ക് സ്വന്തമായി. പുതുച്ചേരിയിൽ കോൺഗ്രസിനെ തുണയ്ക്കുന്ന സിപിഎം അതേ സീറ്റിലെ മാഹിയിൽ വ്യത്യസ്ത നിലപാടെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഉച്ചയ്ക്ക് ഒരു മണി വരെ 40ശതമാനം പോളിങ് ആണ് മാഹിയില്‍ രേഖപ്പെടുത്തിയത്.
കേരളത്തിന് വോട്ടിടാൻ ഒരാഴ്ച കൂടി കാത്തിരിക്കണമെങ്കിലും കേരളത്തിനുളളിലെ കേന്ദ്രഭരണപ്രദേശം മാഹിയിൽ ആദ്യ ഘട്ടത്തിൽ തന്നെ വിധിയെഴുത്ത് നടക്കുകയാണ്. തുടക്കം മുതൽ ഭേദപ്പെട്ട നിലയിലായിരുന്നു മാഹിയിലെ പോളിങ്. രാജ്യത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലും മാഹി ഇന്ന് ഇടം പിടിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി ഒരു സീറ്റിന് കീഴിൽ വരുന്ന നിയമസഭാ മണ്ഡലത്തിൽ മുഴുവൻ വനിതാ പോളിങ് ഓഫീസർമാരെയാണ് നിയോഗിച്ചിരിക്കുന്നത്.
31 ബൂത്തുകളിലായി മുപ്പത്തിയൊന്നായിരം വോട്ടർമാരാണ് ജനവിധിയെഴുതുന്നത്. ഇന്ത്യ മുന്നണിയും എൻഡിഎയും തമ്മിലാണ് മാഹിയിൽ മത്സരം. സിറ്റിംഗ് എംപിയും മുൻ മുഖ്യമന്ത്രിയുമായ വൈദ്യലിംഗമാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ആഭ്യന്തര മന്ത്രി നമശിവായം ആണ് ബിജെപി സ്ഥാനാർത്ഥി. പുതുച്ചേരിയിൽ കോൺഗ്രസിനെ തുണയ്ക്കുന്ന സിപിമ്മിന് അതേ മണ്ഡലത്തിലെ മാഹിയിൽ വേറെ നിലപാട്. ഇവിടെ പിന്തുണ യുണൈറ്റഡ് റിപ്പബ്ലിക് പാർട്ടിക്കാണ്. കേരളത്തെയോർത്താണ് ഈ അടവുനയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രൻ ഒൻപതിനായിരം വോട്ട് നേടിയിരുന്നു. ഇത്തവണ മത്സരരംഗത്തുളള 26ൽ പത്തൊൻപതും സ്വതന്ത്രരാണ്.
Be the first to comment