‘ഭരണത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും’; തല്പരകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് നിർമല സീതാരാമൻ

സുപ്രീം കോടതി റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ട് സംവിധാനം കൈവിടാന്‍ ബിജെപി ഒരുക്കമല്ലെന്ന് സൂചന നല്‍കി കേന്ദ്ര മന്ത്രി നിര്‍മല സിതാരാമന്‍. ഭരണത്തില്‍ വീണ്ടും വന്നാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രതികരിച്ചു. ഇലക്ടറല്‍ ബോണ്ട് സംവിധാനം കൂടുതല്‍ കാര്യക്ഷമമായും സുതാര്യമായും നടപ്പാക്കാന്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പ്രതികരിച്ചു. 

അതേസമയം ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ സുപ്രീം കോടതിയുടെ ഉത്തരവ് പുനപരിശോധിക്കാന്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. എന്നാല്‍ ഇലക്ടറല്‍ ബോണ്ടിലെ ചില കാര്യങ്ങളില്‍ മാറ്റമുണ്ടാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് റദ്ദാക്കപ്പെട്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാന്‍ നടപ്പാക്കിയ ഇലക്ടറില്‍ ബോണ്ട് സംവിധാനത്തെ കൈവിടാന്‍ ബിജെപി ഒരുക്കമല്ലെന്ന സൂചനകള്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ നേരത്തെ തന്നെ സൂചനകള്‍ നല്‍കിയിരുന്നു. ഇലക്ടറല്‍ ബോണ്ട് പിന്‍വലിച്ചതില്‍ എല്ലാവരും ഖേദിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇലക്ടറല്‍ ബോണ്ട് നടപടികള്‍ സുതാര്യമാണെന്ന് അവകാശപ്പെട്ട അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളള്‍ക്ക് പണം എവിടെ നിന്ന് വന്നു, ആര് നല്‍കി എന്നതടക്കം സുതാര്യമായി വിവരങ്ങള്‍ അറിയാന്‍ ഈ സംവിധാനത്തിലൂടെ കഴിഞ്ഞു എന്നും വാര്‍ത്ത ഏജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം.

” ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. എല്ലാവര്‍ക്കും സ്വീകാര്യമായ ചട്ടക്കൂട് ഉണ്ടാക്കുന്നതിനോ കൊണ്ടുവരുന്നതിനോ എന്ത് ചെയ്യണമെന്ന് ആലോചിക്കും. സുതാര്യത നിലനിര്‍ത്തും. കള്ളപ്പണം വരുന്നത് പൂര്‍ണമായും ഇല്ലാതാക്കും”, നിര്‍മല പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*