‘നിപയ്ക്ക് മുന്നില്‍ ഇടറിയിട്ടില്ല, പിന്നയല്ലേ സൈബര്‍ ആക്രമണത്തിന് മുന്നില്‍’ കെകെ ശൈലജ

കോഴിക്കോട്: തന്റേതായ മോര്‍ഫ് ചെയ്ത വീഡിയോ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ. തലമാറ്റി ഒട്ടിച്ച പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് താന്‍ പറഞ്ഞതെന്നും ഇവ പല കുടുംബഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ടെന്നും ശൈലജ പറഞ്ഞു. ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത് ആ വീഡിയോ എവിടെയെന്നാണെന്നാണെന്നും ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കുമ്പോള്‍ എന്തുകൊണ്ടാണ് അവരെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവാത്തതെന്നും ശൈലജ ചോദിച്ചു. സൈബര്‍ ആക്രമണം, സഹികെട്ടപ്പോഴാണ് തുറന്നുപറഞ്ഞത്. സൈബര്‍ ആക്രമണത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമമായാണ് നടക്കുന്നത്. നിപയ്ക്ക് മുന്നില്‍ ഇടറിയിട്ടില്ല, പിന്നയല്ലേ സൈബര്‍ ആക്രമണത്തിന് മുന്നിലെന്നും ശൈലജ പറഞ്ഞു.

കോൺഗ്രസിന് ഇത്ര ആശയ ദാരിദ്ര്യമാണോയെന്നും കെ കെ ശൈലജ ചോദിച്ചു. വെറുതെയാണോ കോൺഗ്രസിനെ ആളുകൾ കൈവിടുന്നതെന്നും അവർ പരിഹസിച്ചു. സ്ത്രീയെന്ന നിലയിൽ അപമാനിച്ചത് മാത്രമല്ല പ്രശ്നം. തൻ്റെ രാഷ്ട്രീയ സത്യസന്ധതയെ ചോദ്യം ചെയ്തു. രാഷ്ട്രീയ നേതാവും പാർട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗവുമാണ് താൻ. പുരുഷന്മാരെ പോലെ അതേ പ്രാധാന്യമുള്ളയാളാണ് താനുമെന്ന് കെ കെ ശൈലജ പറഞ്ഞു.

കേരളത്തിലെ മൈനോറിറ്റി വിഭാഗത്തിന് നല്ല ധാരണയുണ്ട്. മതത്തെ പ്രീണിപ്പിക്കാനല്ല, സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്. അത് സംരക്ഷിക്കാൻ മുദ്രാവാക്യം വിളിക്കുന്നവരാണ് തങ്ങളെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാ വിഭാഗത്തിൻ്റെയും വോട്ട് വേണം. ബിജെപിയെ പുറത്താക്കാൻ കോൺഗ്രസ് എന്നായിരുന്നു കഴിഞ്ഞ തവണത്തെ മുദ്രാവാക്യം. എന്നാൽ കോൺഗ്രസ് തകർന്നു. കഴിഞ്ഞ തവണത്തെ സ്ഥിതി മെച്ചപ്പെടുത്താൻ അവർക്കാവില്ലെന്നും കെ കെ ശൈലജ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*