ബീഹാറിൽ ഡോക്ടറുടെ അഭാവത്തില്‍ ജൂനിയര്‍ സ്റ്റാഫ് നടത്തിയ വന്ധ്യംകരണ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയ്ക്ക് ദാരുണാന്ത്യം

പട്‌ന: ബീഹാറിൽ ഡോക്ടറുടെ അഭാവത്തില്‍ ജൂനിയര്‍ സ്റ്റാഫ് നടത്തിയ വന്ധ്യംകരണ ശസ്ത്രക്രിയയെ തുടര്‍ന്ന് 28കാരിയ്ക്ക് ദാരുണാന്ത്യം. അനീഷ ഹെൽത്ത് കെയറിൽ എത്തിയ ബബിതാ ദേവിയെന്ന യുവതിയാണ് മരിച്ചത്. പട്‌നയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള സമസ്തിപൂര്‍ ജില്ലയിലെ മുസ്രിഘരാരി എന്ന ചെറുപട്ടണത്തിലാണ് സംഭവം.

വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി ബബിതാ ദേവിയെ അനീഷ ഹെൽത്ത് കെയർ സെൻ്ററിൽ എത്തിച്ചതായി ബന്ധുക്കൾ പറഞ്ഞു. നഗരത്തിലെ രണ്ട് നിലകളുള്ള കെട്ടിടത്തിൻ്റെ ഒന്നാം നിലയിലാണ് ചെറിയ ഹെൽത്ത് കെയർ സെൻ്റർ സ്ഥിതി ചെയ്യുന്നത്. ഹെൽത്ത് കെയറിലെത്തിയപ്പോൾ ഡോക്ടറെ കാണാനില്ലെന്ന് ജീവനക്കാർ പറഞ്ഞു. തുടർന്ന് കമ്പൗണ്ടർ ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

‘രാവിലെ ഒമ്പത് മണിയോടെയാണ് ബബിതയെ ഹെൽത്ത് കെയറിൽ എത്തിച്ചത്. ആദ്യം അവർ ബബിതയ്ക്ക് ഉപ്പുവെള്ളം നൽകി. ശേഷം ഏകദേശം 11 മണിയോടെ ശസ്ത്രക്രിയ നടപടികൾ ആരംഭിച്ചു. ഏകദേശം ഒരു മണിക്കൂറിന് ശേഷം ബബിതയെ ആംബുലൻസിൽ കയറ്റി മോഹൻപൂരിലെ ആശുപത്രിയിൽ എത്തിച്ചു. ഞങ്ങളും ആശുപത്രിയിലേക്ക് ഓടി. എന്നാൽ ബബിതയുടെ ആരോ​ഗ്യ സ്ഥിതിയെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ബബിതയുടെ ശരീരത്തിൽ സ്പർശിച്ചപ്പോൾ തണുത്തിരിക്കുന്നതായി അനുഭവപ്പെട്ടിരുന്നു. അവൾ അവിടെവെച്ചു തന്നെ മരിച്ചിരുന്നു. പക്ഷേ ഹെൽത്ത് കെയർ ജീവനക്കാർ ഞങ്ങളോട് പറഞ്ഞിരുന്നില്ല’, ബബിതയുടെ അമ്മാവൻ പറഞ്ഞു.

യുവതിയുടെ മരണം സ്ഥിരീകരിച്ചതോടെ ബന്ധുക്കൾ മൃതദേഹം അനീഷ ഹെൽത്ത് കെയർ സെൻ്ററിലെത്തിച്ച് പ്രതിഷേധം നടത്തി. മുസ്രിഘരാരി നഗരത്തിലെ ഒരു ആരോഗ്യ പരിപാലന കേന്ദ്രത്തിലും ഒരു ഡോക്ടറും കമ്പൗണ്ടർമാർ എന്നറിയപ്പെടുന്ന ജൂനിയർ സ്റ്റാഫും എല്ലാ മെഡിക്കൽ നടപടിക്രമങ്ങളും നടത്തുകയും രോഗികളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നുണ്ടെന്നും കുടുംബം ആരോപിച്ചു.

സംഭവത്തിനു പിന്നാലെ ഹെൽത്ത് കെയർ സെൻ്ററിലെ ജീവനക്കാർ ഒളിവിലാണ്. ഇവർക്കെതിരെ പോലീസ് കേസെടുക്കണമെന്ന് യുവതിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ് സ്റ്റേഷൻ ഇൻചാർജ് ഫൈസുൽ അൻസാരി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*