സര്‍വകലാശാല ബിരുദ പ്രവേശനം; പൊതു പ്രവേശന പരീക്ഷയുടെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ സിയുഇടിയുടെ (cuet) ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in.ല്‍ കയറി ഡേറ്റാഷീറ്റ് നോക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.

മെയ് 15 മുതല്‍ മെയ് 24 വരെയാണ് പരീക്ഷ. ഏഴു ദിവസം കൊണ്ട് പരീക്ഷ പൂര്‍ത്തിയാക്കുന്നവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. രാജ്യമൊട്ടാകെയുള്ള 380 നഗരങ്ങളിലായി നടക്കുന്ന പരീക്ഷ ഹൈബ്രിഡ് മോഡിലാണ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, എഴുത്തുപരീക്ഷ എന്നിങ്ങനെ രണ്ടുരീതിയിലാണ് പരീക്ഷ നടത്തുന്നത്. 13.48 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുക.

പൊതുവേ 45 മിനിറ്റാണ് പരീക്ഷ. അക്കൗണ്ടന്‍സി, ഫിസിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കെമിസ്ട്രി, കണക്ക്, തുടങ്ങി ചുരുക്കം ചില വിഷയങ്ങളില്‍ പരീക്ഷ 60 മിനിറ്റ് ആണ്. 63 വിഷയങ്ങളിലാണ് പ്രവേശന പരീക്ഷ സംഘടിപ്പിക്കുന്നത്.

261 സര്‍വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിനാണ് പരീക്ഷ. ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി ആറു വിഷയങ്ങളില്‍ വരെ പരീക്ഷ എഴുതാം. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ പരീക്ഷ നടത്താനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*