കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ മുഹമ്മദ് ഇര്‍ഫാന്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെത്തിയതെന്ന് പോലീസിനോട് പറഞ്ഞു. ഓട്ടോക്കാരോട് ചോദിച്ചാണ് നഗരത്തിലെ സമ്പന്നര്‍ താമസിക്കുന്നത് പനമ്പിള്ളി നഗറിലാണെന്ന് മനസ്സിലാക്കിയത്. ഗൂഗിള്‍ മാപ്പിൻ്റെ സഹായത്തോടെ പനമ്പിള്ളി നഗറിലെത്തി ഏറെ നേരം ചുറ്റിക്കറങ്ങുകയും ചെയ്തു.
തലപ്പാക്കട്ടി ബിരിയാണി റസ്റ്റോറന്റിലെത്തി ഇര്‍ഫാന്‍ ബിരിയാണി കഴിച്ചു. മട്ടന്‍ ബിരിയാണിയാണ് കഴിച്ചതെന്ന് ഇര്‍ഫാന്‍ പോലീസിനോട് പറഞ്ഞു. റസ്റ്റോറന്റിലെ വെയ്റ്ററായ പെണ്‍കുട്ടി ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ഗൂഗിള്‍പേ വഴിയാണ് പണം നല്‍കിയതെന്നും പെണ്‍കുട്ടി പറഞ്ഞു.
എന്നാല്‍ പ്രതി ഇര്‍ഫാന്‍ ഇതു നിഷേധിച്ചു. 500 രൂപയുടെ നോട്ട് നല്‍കിയെന്നും, 356 രൂപയുടെ ബില്ലില്‍ ബാക്കി നല്‍കിയ തുകയില്‍ 100 രൂപ എടുക്കുകയും ശേഷിക്കുന്ന 44 രൂപ ടിപ്പ് നല്‍കിയെന്നും ഇര്‍ഫാന്‍ പോലീസിനോട് പറഞ്ഞു. സംശയമുണ്ടെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ നോക്കാനും പ്രതി പോലീസിനോട് ആവശ്യപ്പെട്ടു.
കാറിന് പെട്രോള്‍ അടിച്ച പനമ്പിള്ളി നഗറിലെ പെട്രോള്‍ പമ്പും പ്രതി പോലീസിന് കാണിച്ചു കൊടുത്തു. പനമ്പിള്ളി നഗറില്‍ ക്രോസ് റോഡിന് സമീപം വാഹനം പാര്‍ക്ക് ചെയ്തശേഷം നടന്നാണ് ജോഷിയുടെ വീടിന് സമീപമെത്തിയത്. തുടര്‍ന്ന് റോഡിന് എതിര്‍വശത്തെ പാര്‍ക്കില്‍ കയറി ടീ ഷര്‍ട്ട് മാറി. ഈ സ്ട്രീറ്റിൻ്റെ അറ്റത്തുള്ള വ്യവസായി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റിൻ്റെ വീട്ടിലാണ് ആദ്യം കയറിയത്.
മറ്റു രണ്ടു വീടുകളില്‍ കൂടി കയറിയെങ്കിലും മോഷണശ്രമം വിജയിച്ചില്ല. തുടര്‍ന്നാണ് ജോഷിയുടെ വീട്ടിലെത്തുന്നത്. സ്‌ക്രൂ ഡ്രൈവര്‍ പ്രയോഗത്തിലൂടെ ജനാല തുറന്നാണ് അകത്തു കടന്നതെന്ന് ഇര്‍ഫാന്‍ പോലീസിനോട് പറഞ്ഞു. തെളിവെടുപ്പില്‍ ഇതെല്ലാം ഇര്‍ഫാന്‍ പോലീസിന് കാട്ടിക്കൊടുത്തു.
രണ്ടാം നിലയിലെ ഒരു മുറിയിലെ ഷെല്‍ഫില്‍ നിന്നാണ് ആഭരണങ്ങള്‍ കവര്‍ന്നത്. ഇതു പെട്ടിയിലേക്ക് മാറ്റിയശേഷം ടെറസിലെ ഗാര്‍ഡനില്‍ കൊണ്ടുവെച്ചു. തുടര്‍ന്ന് മറ്റുമുറികളില്‍ കൂടി പരിശോധിച്ച ശേഷമാണ് അടുക്കളയുടെ ജനാല വഴി രക്ഷപ്പെട്ടത്. വിരലടയാളം പതിയുന്നത് ഒഴിവാക്കാന്‍ കയ്യില്‍ സോക്‌സ് ധരിച്ചിരുന്നതായും, സിസിടിവി ക്യാമറ തിരിച്ചു വെച്ചതായും പ്രതി പോലീസിനോട് പറഞ്ഞു.
Be the first to comment