ആധാര്‍ ബാങ്കിംഗിന് റിസര്‍വ് ബാങ്ക് പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചതായി പ്രചാരണം; വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഓരോ ദിവസം കഴിയുംതോറും പുതിയ തട്ടിപ്പുകള്‍ പൊന്തി വന്നുകൊണ്ടിരിക്കുകയാണ്. ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധമാണ് തട്ടിപ്പുകള്‍ അരങ്ങേറുന്നത്. പലപ്പോഴും വ്യാജ വാര്‍ത്തകള്‍ ശരിയാണെന്ന് തെറ്റിദ്ധരിച്ച് കെണിയില്‍ വീഴുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ ആര്‍ബിഐയുടെ പേരിലാണ് സോഷ്യല്‍മീഡിയയില്‍ പ്രചാരണം കൊഴുക്കുന്നത്. ഇത് വ്യാജ പ്രചാരണമെന്ന് പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ആധാര്‍ ബാങ്കിംഗിന് റിസര്‍വ് ബാങ്ക് പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചതായാണ് പ്രചാരണം. മാസത്തില്‍ ഒരു തവണയെങ്കിലും നിര്‍ബന്ധമായി ആധാര്‍ വഴി ഇടപാട് നടത്തിയില്ലെങ്കില്‍ തുടര്‍ന്ന് ഇടപാട് നടത്താന്‍ കഴിയില്ലെന്നാണ് പ്രചരിക്കുന്ന സന്ദേശം. ഉപഭോക്താവിൻ്റെ ആധാര്‍ അധിഷ്ഠിത ഇടപാട് സംവിധാനം ലോക്ക് ആകുമെന്നും സന്ദേശത്തില്‍ പറയുന്നു. ഇത് വ്യാജ സന്ദേശമാണെന്ന് കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കി. മാസത്തില്‍ ഒരു തവണയെങ്കിലും ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് നിര്‍ബന്ധമായി ഇടപാട് നടത്തണമെന്ന തരത്തില്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടില്ലെന്നും പിഐബി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*