രാജീവ് ചന്ദ്രശേഖര്‍ വോട്ട് ചെയ്യാത്തത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാടെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ വോട്ട് ചെയ്യാന്‍ പോകാത്തത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാടെന്ന് മന്ത്രി ജി ആര്‍ അനില്‍. ജനങ്ങളോട് വോട്ട് ചോദിക്കുകയും എന്നിട്ട് വോട്ട് ചെയ്യാതിരിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തതിൻ്റെ തെളിവാണ്.

തിരുവനന്തപുരം നിവാസികളെ പറ്റിക്കുകയാണ് സ്ഥാനാര്‍ത്ഥി. മുതലാളിമാരുടെ താല്‍പര്യവും കച്ചവട താല്‍പര്യവുമാണ് കാണുന്നത്. കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹത്തിന്‍റെ ഈ നിലപാട് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, വോട്ട് രേഖപ്പെടുത്താത്തതില്‍ സങ്കടമുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

എല്ലാവരും വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്തിൻ്റെ പുതിയ അധ്യായത്തിന് വേണ്ടിയാണ് ഈ തെരഞ്ഞെടുപ്പ്. ചരിത്രം സൃഷ്ടിക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പന്ന്യന്‍ രവീന്ദ്രനാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫിനുവേണ്ടി ശശി തരൂരാണ് മത്സരിക്കുന്നത്. സംസ്ഥാനത്ത് തൃകോണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം.

Be the first to comment

Leave a Reply

Your email address will not be published.


*