കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ സംവിധാനങ്ങൾ ഉടൻ സ്ഥാപിക്കണമെന്ന ഡിഎംഇ ഉത്തരവ് പാലിക്കാതെ മെഡിക്കൽ കോളേജ് അധികൃതർ. ഐസിയു പീഡന കേസിന് ശേഷം നടന്ന അന്വേഷണത്തിൽ ഗുരുതര സുരക്ഷാ വീഴ്ചകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന്, മെഡിക്കൽ കോളേജിനുള്ളിലും പുറത്തും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ മെഡിക്കൽ കോളേജ് സുപ്രണ്ടിനോട് ഡിഎംഇ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറിൽ വന്ന ഉത്തരവ് അഞ്ചു മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പിലാക്കാൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറായിട്ടില്ല.
അതിന് പിന്നാലെയാണ് വിഷയത്തിൽ അടിയന്തിര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിഎംഇ വീണ്ടും സുപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടത്. നേരത്തെ ഐസിയു പീഡന കേസിലെ പ്രതി പോലീസിൻ്റെ നിർദേശം മറികടന്ന് നിരന്തരം ആശുപത്രി സന്ദർശിക്കുകയും സുപ്രധാന ഓഫീസുകളിൽ ഇടപെടുകയും ചെയ്യുന്നതായി അതിജീവിത ആരോപിച്ചിരുന്നു. എന്നാൽ മെഡിക്കൽ കോളേജിൽ സിസിടിവി സൗകര്യമില്ലാത്തതിനാൽ വിവരങ്ങൾ ലഭ്യമല്ലെന്നായിരുന്നു അന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചത്.
തുടർന്നാണ് ഐസിയുവിലും വാർഡുകളിലും മെഡിക്കൽ കോളേജിൻ്റെ പ്രധാന പരിസരങ്ങളിലും സിസിടിവി സ്ഥാപിക്കാൻ ഡിഎംഇ നിർദേശം നൽകിയത്. സംസ്ഥാനത്തെ പ്രാധാന മെഡിക്കൽ കോളേജായ കോഴിക്കോട് മെഡിക്കൽ കോളേജിൽ പല രീതിയിലുള്ള മോഷണങ്ങളും ആക്രമങ്ങളും നടക്കാറുണ്ട് എന്ന വസ്തുത നിലനിൽക്കേയാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഈ ഗുരുതര സുരക്ഷാ വീഴ്ച്ച.
Be the first to comment