ചെലവ് ചുരുക്കലിൻ്റെ ഭാഗമായി നിരവധി ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍

ന്യൂഡല്‍ഹി: ചെലവ് ചുരുക്കുന്നതിൻ്റെ ഭാഗമായി നിരവധി ജീവനക്കാരെ പിരിച്ചുവിട്ട് ആഗോള ടെക് ഭീമനായ ഗൂഗിള്‍. ഏപ്രില്‍ 25-ലെ ആദ്യ പാദ വരുമാന റിപ്പോര്‍ട്ടിന് തൊട്ടുമുമ്പ് ഗൂഗിള്‍ അതിൻ്റെ ‘കോര്‍’ ടീമില്‍ നിന്ന് 200ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. നേരത്തേ ഫ്‌ളട്ടര്‍, ഡാര്‍ട്ട്, പൈത്തണ്‍ ടീമില്‍ നിന്നും ഗൂഗിള്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിട്ട തസ്തികകളില്‍ 50 പേരെങ്കിലും കാലിഫോര്‍ണിയയിലെ സണ്ണിവെയ്ലിലുള്ള കമ്പനിയുടെ ഓഫീസുകളിലെ എന്‍ജിനീയറിങ് വിഭാഗത്തിലുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.

നിലവിലെ ആഗോള സാന്നിധ്യം നിലനിര്‍ത്താനും ഉയര്‍ന്ന വളര്‍ച്ച നിലനിര്‍ത്താനും ഞങ്ങള്‍ ഉദ്ദേശിക്കുന്നു. അതുവഴി ഞങ്ങള്‍ക്ക് ഞങ്ങളുടെ പങ്കാളികളുമായും ഡെവലപ്പര്‍ കമ്മ്യൂണിറ്റികളുമായും അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഗൂഗിള്‍ ഡെവലപ്പര്‍ ഇക്കോസിസ്റ്റം വൈസ് പ്രസിഡന്റ് അസിം ഹുസൈന്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ബംഗളൂരു, മെക്സികോ സിറ്റി, ഡുബ്ലിന്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിൻ്റെ ഭാഗമായി പുനഃസംഘടന നടപടികളുമായി മുന്നോട്ടുപോകുമെന്ന് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ കമ്പനി പറയുന്നു. ഗൂഗിളിൻ്റെ വെബ്സൈറ്റിന് സാങ്കേതിക അടിത്തറ നിര്‍മ്മിക്കുന്നത് കോര്‍ ടീം ആണ്. ഗൂഗിളിലെ ഡിസൈന്‍, ഡെവലപ്പര്‍ പ്ലാറ്റ്ഫോമുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ ഉത്തരവാദിത്തം കോര്‍ ടീമിനാണ്.

ഈ വര്‍ഷം ടെസ്‌ലയും ജീവനക്കാരെ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടെക്സാസിലും കാലിഫോര്‍ണിയയിലും 6,020 ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. വില്‍പ്പനയിലെ കുറവും ഇലക്ട്രിക് വാഹന വിപണിയിലെ വര്‍ദ്ധിച്ച മത്സരവും കാരണം കമ്പനിക്ക് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനിടയിലാണ് ഇത്.

Be the first to comment

Leave a Reply

Your email address will not be published.


*