മേയർ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിൻ്റെ പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിൻ്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്. പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായി യദുവിൻ്റെ മൊഴി എടുക്കും. അതിനിടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ തമ്പാനൂർ പോലീസ്, ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരെ ചോദ്യം ചെയ്യും. ബസ് ടെർമിനലിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

കേസിലെ നിർണായക തെളിവായ ബസ്സിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കണ്ടെത്താനുള്ള ശ്രമം മൂന്നാം ദിവസവും തുടരുകയാണ്. മെമ്മറി കാർഡ് എടുത്തു മാറ്റിയത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നാവാം എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം. കെഎസ്ആർടിസിയുടെ ആഭ്യന്തര അന്വേഷണവും ഇക്കാര്യത്തിൽ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഫോറൻസിക് സംഘം കെഎസ്ആർടിസി ബസില്‍ പരിശോധന നടത്തിയിരുന്നു. അതിൻ്റെ ഫലം കൂടി കാത്തിരിക്കുകയാണ് അന്വേഷണസംഘം. അതേസമയം മെമ്മറി കാർഡ് കാണാത്ത പശ്ചാത്തലത്തിൽ മേയർ കൊടുത്ത പരാതിയിൽ അന്വേഷണം എങ്ങനെ മുന്നോട്ടു പോകുമെന്ന സംശയത്തിലാണ് കണ്ടോൺമെന്റ് പോലീസ് ഉള്ളത്.

എന്നാൽ മേയർക്കെതിരായ ഡ്രൈവർ യദുവിൻ്റെ പരാതിയിൽ  കണ്ടോൺമെന്റ്   എസിപി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട്‌ ഡിസിപി ക്ക് ലഭിക്കുന്ന മുറയ്ക്ക് ആയിരിക്കും കേസെടുക്കണമോ എന്ന കാര്യത്തിൽ തീരുമാനമാവുക. യദു നൽകിയ പരാതിയിൽ ഇനിയെന്ത് തുടർനടപടി എന്നതും നിർണായകമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*