ഗർഭം ആഗ്രഹിച്ചിരുന്നില്ല, ആൺ സുഹൃത്തിന് അറിയാമായിരുന്നു യുവതി

കൊച്ചി: പനമ്പിള്ളിനഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്നാണ് കൊല്ലപ്പെട്ട കുഞ്ഞിൻ്റെ അമ്മ പോലീസിന് നൽകിയ മൊഴി. ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയാണെന്നും ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നുവെന്നുമാണ് യുവതി പറയുന്നത്.

താൻ ​ഗർഭിണിയാണെന്ന് മാതാപിതാക്കളോട് പറയാൻ യുവതിക്ക് ധൈര്യമുണ്ടായിരുന്നില്ല. യുവതി ഗർഭിണിയായത് ആൺസുഹൃത്തിന് അറിയാമായിരുന്നു. പിന്തുണ ലഭിക്കാത്തത് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കി. ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല. എന്നാൽ ഗർഭിണിയാണെന്നറിഞ്ഞതോടെ ബന്ധം സൂക്ഷിക്കാൻ ആൺസുഹൃത്ത് തയ്യാറായില്ലെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്നാണ് യുവതിയുടെ മൊഴി. കുഞ്ഞ് കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയിരുന്നു. എട്ട് മണിയോടെ അമ്മ വാതിലിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി‌. കയ്യിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

തലയോട്ടി പൊട്ടിയതാണ് മരണത്തിന് മുഖ്യ കാരണമെന്നാണ് കുഞ്ഞിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കീഴ്താടിക്കും പൊട്ടലുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായത്. ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു. വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്. ശ്വാസം മുട്ടിയതിൻ്റെ ലക്ഷണമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*