തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ സമരം നിര്‍ത്തിവെച്ച് സിഐടിയു. തിങ്കളാഴ്ച്ച മുതല്‍ ടെസ്റ്റുമായി സഹകരിക്കുമെന്ന് സിഐടിയു അറിയിച്ചു. നിര്‍ദേശങ്ങളില്‍ ഗതാഗത വകുപ്പ് ഇളവ് വരുത്തിയതോടെ ആണ് പിന്മാറ്റം.
കടുംപിടുത്തത്തില്‍ ഗതാഗത വകുപ്പ് അയവ് വരുത്തിയതോടെയാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ സിഐടിയു തീരുമാനിച്ചത്. ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്‌കരിച്ചുള്ള സമരം അവസാനിപ്പിച്ചെങ്കിലും ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ച തുടരും. ഈ മാസം 23 സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഗണേഷ് കുമാറുമായി ചര്‍ച്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ചര്‍ച്ച പരാജയപ്പെട്ടാല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ഉള്‍പ്പെടെ സമരം നടത്താനാണ് സിഐടിയുവിൻ്റെ തീരുമാനം.
നേരത്തെ പരിഷ്‌കരണത്തില്‍ ഇളവ് വരുത്തിക്കൊണ്ട് ഗതാഗത വകുപ്പ് ഉത്തരവിറക്കിയിരുന്നു. പ്രതിദിന ലൈസന്‍സ് ടെസ്റ്റുകളുടെ എണ്ണം 30 ല്‍ നിന്നും 40 ആക്കി ഉയര്‍ത്തി. ഇതില്‍ 25 പേര്‍ ആദ്യമായി ടെസ്റ്റിന് എത്തുന്നവര്‍ ആയിരിക്കും. റീ ടെസ്റ്റിന് വരുന്ന 10 പേര്‍ക്കും അവസരം നല്‍കും. വിദേശത്ത് പോകുന്ന അഞ്ചുപേര്‍ക്കും പ്രതിദിനം ടെസ്റ്റ് നടത്തും. വിദേശത്ത് പോകുന്ന അഞ്ചുപേര്‍ ഹാജരാകുന്നില്ലെങ്കില്‍ ലേണേഴ്സ് കാലാവധി കഴിഞ്ഞ അഞ്ച് പേരെ പരിഗണിക്കും. ഇതിനു പുറമെ നിലവിലെ പല നിബന്ധനകളും നടപ്പാക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
15 വര്‍ഷം കാലാവധി പൂര്‍ത്തിയായ വാഹനം മാറ്റുന്നതിന് ആറ് മാസത്തെ സമയമാണ് അനുവദിച്ചത്. ഡാഷ് ബോര്‍ഡ് ക്യാമറ സ്ഥാപിക്കാന്‍ മൂന്ന് മാസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് എച്ച് എടുക്കല്‍ എന്ന ക്രമത്തിലാകും ടെസ്റ്റുകള്‍ നടക്കുക.
Be the first to comment