ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാന്‍ വിനോദസഞ്ചാരികള്‍ക്കുള്ള ഇ-പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കില്‍ tnega.tn.gov.in എന്നീ വെബ്‌സൈറ്റുകള്‍വഴി ഇ-പാസിന് അപേക്ഷിക്കാം. ഇവിടേക്ക് ഉള്ള റോഡുകളില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മദ്രാസ് ഹൈക്കോടതിയാണ് ഇ പാസ് നല്‍കാന്‍ ഉത്തരവിട്ടത്.
മേയ് ഏഴു മുതല്‍ ജൂണ്‍ 30 വരെയാണ് ഇ-പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളില്‍ പുറത്തുനിന്ന് വരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാണ്. ഓരോ ദിവസവും നിശ്ചിത എണ്ണം വാഹനങ്ങള്‍ക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതല്‍ 20 വരെ നടക്കുന്ന ഊട്ടി പുഷ്പമേളയോടനുബന്ധിച്ചാണ് പുതിയ തീരുമാനം. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദര്‍ശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്‌സൈറ്റില്‍ നല്‍കേണ്ടത്.
ഊട്ടിയിലേക്കും, കൊടൈക്കനാലിലേക്കും ഉള്ള റോഡുകളില്‍ ഉള്‍കൊള്ളാവുന്നതിലും അധികം വാഹനങ്ങള്‍ ആണ് സര്‍വീസ് നടത്തുന്നത്. പ്രതിദിനം 20000 ത്തില്‍ അധികം വാഹനങ്ങള്‍ നീലഗിരിയിലേക്ക് പ്രവേശിക്കുന്നു. ടൂറിസ്റ്റ് സീസണുകളില്‍ പ്രതിദിനം ശരാശരി 11509 കാറുകള്‍, 1341 വാനുകള്‍, 637 ബസുകള്‍, 6524 ഇരു ചക്ര വാഹനങ്ങള്‍ എന്നിവയാണ് നീലഗിരിയില്‍ എത്തുന്നത്. ഇതെല്ലാം പരിഗണിച്ച് മദ്രാസ് ഹൈക്കോടതിയാണ് ഇ പാസ് എന്ന തീരുമാനത്തിലെത്തുന്നത്. നിലവിലെ അവസ്ഥ ഭയാനകമാണെന്നും ജസ്റ്റിസ് മാരായ എന്‍ സതീഷ് കുമാര്‍, ഡി ഭാരത ചക്രവര്‍ത്തി എന്നിവരുടെ ഉത്തരവില്‍ പറയുന്നു.
ആനത്താരകളിലൂടെയാണ് റോഡുകള്‍ കടന്ന് പോകുന്നത്. വാഹനങ്ങള്‍ കൂടുന്നതിനാല്‍ പലപ്പോഴും കാടിന് ഉള്ളിലെ റോഡുകളില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നു. വാഹനങ്ങള്‍ നിരയായി മണിക്കൂറുകളോളം കിടക്കുന്നത് കൊണ്ട് ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് മൃഗങ്ങള്‍ ആണെന്നും മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തത്തിലാണ് വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഇ- പാസ് സംവിധാനം ഏര്‍പ്പെടുത്തിയത്.
Be the first to comment