
കൊച്ചി: മോട്ടോർ വാഹന വകുപ്പും സർക്കാരും വാഹന ഉടമകളെ വഞ്ചിക്കുന്ന നടപടികൾക്കെതിരെ പ്രതിഷേധ സമരം ശക്തമാക്കുമെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആന്‍റ് ബ്രോക്കേഴ്സ് അസോസിയേഷൻ. 245 രൂപ അധികം വാങ്ങി ആർസി ട്രാൻസ്ഫറിനും പ്രിന്‍റിംഗിനും അപേക്ഷകൾ സർക്കാർ സ്വീകരിക്കുന്നുണ്ടെങ്കിലും, ആർസി ബുക്കുകളുടെ പ്രിന്‍റിംഗ് നിലച്ചിട്ട് എട്ട് മാസത്തോളമായി. 12 ലക്ഷം ആർസി ട്രാൻസ്ഫർ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നതെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ ശേഖരിച്ച തുക വകമാറ്റി ചെലവഴിക്കുകയാണെന്നും അവർ ആരോപിച്ചു. ആര്‍സി ബുക്കുകള്‍ ലഭ്യമാക്കാത്തതുമൂലം സെക്കന്‍ഡ് ഹാന്‍ഡ് വാഹന വില്‍പ്പന വിപണി വലിയ തകര്‍ച്ച നേരിടുകയാണ്. ആര്‍സി അച്ചടിക്കുന്ന സ്ഥാപനത്തിന് തുക നല്‍കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 10 കോടി രൂപയാണ് അച്ചടിക്കു കുടിശികയായി ഉള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ആര്‍സി ബുക്ക് ലഭിക്കാത്തതുമൂലം വില്‍പ്പന നടത്തിയ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് തുക യഥാര്‍ഥ ഉടമയുടെ പേരിലേക്ക് മാറ്റാന്‍ കഴിയുന്നില്ല. വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഇതുമൂലം ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ടാക്‌സികള്‍ക്ക് ഇതര സംസ്ഥാനങ്ങളിലേക്ക് പോകാന്‍ അതര്‍ സ്‌റ്റേറ്റ് പെര്‍മിറ്റ് കിട്ടാന്‍ ആര്‍സി ബുക്ക് അത്യാവശ്യമാണ്. കേരളത്തിനു വെളിയിലേക്ക് പോകാന്‍ ടാക്‌സികള്‍ക്ക് കഴിയുന്നില്ല. വലിയ വരുമാന നഷ്ടമാണ് ടാക്‌സി ഉടമകള്‍ക്കുണ്ടായിരിക്കുന്നത്.
തെരഞ്ഞെടുപ്പു വേളയില്‍ 25000 ഓളം ആര്‍സി ബുക്കുകള്‍ തയാറാക്കി നല്‍കിക്കൊണ്ട് പ്രതിഷേധം ശമിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. പിന്നീട് പഴയ പടിയായിരിക്കുകയാണ്. ഇതു സംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്നും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന പ്രസിഡന്‍റ് അനില്‍ വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സോണി വലിയ കാപ്പില്‍, ബൈജു എന്നിവര്‍ പറഞ്ഞു.
Be the first to comment