ഒരിക്കല്‍ കൂടി ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി ഇന്ത്യന്‍ വംശജ സുനിത വില്ല്യംസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജ സുനിത വില്ല്യംസ് ഒരിക്കല്‍ കൂടി ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്നു. നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പ്രോഗ്രാമിൻ്റെ ഭാഗമായുള്ള ‘ബോയിങ്ങ് സ്റ്റാര്‍ലൈനറി’നായുള്ള ആദ്യത്തെ ക്രൂ ഫ്ളൈറ്റിൻ്റെ വിക്ഷേപം മേയ് ആറിന്  നടക്കും. സുനിത വില്യംസും നാസയുടെ സഹ ബഹിരാകാശ സഞ്ചാരി ബുച്ച് വില്‍മോറും ബഹിരാകാശ പേടകത്തില്‍ ഉണ്ടാകും. വിക്ഷേപണം, ഡോക്കിങ്, ഭൂമിയിലേക്ക് മടങ്ങല്‍ എന്നിവയുള്‍പ്പെടെ സ്റ്റാര്‍ലൈനര്‍ സിസ്റ്റത്തിൻ്റെ എന്‍ഡ്-ടു-എന്‍ഡ് കഴിവുകള്‍ പരീക്ഷിച്ചുകൊണ്ട് അവര്‍ ഒരാഴ്ചയോളം അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനില്‍ തങ്ങും.

നാസയില്‍ ചേരുന്നതിന് മുമ്പ് ക്യാപ്റ്റന്‍ പദവിയിലേക്ക് ഉയര്‍ന്ന മുന്‍ നേവി ടെസ്റ്റ് പൈലറ്റായ വില്യംസിന് ബഹിരാകാശ യാത്രാ റെക്കോര്‍ഡുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അവര്‍ മൊത്തം 322 ദിവസം ചെലവഴിച്ചു. ഏഴ് ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. പുതിയ വാഹനത്തിലുള്ള ബഹിരാകാശ യാത്രയില്‍ പരിഭ്രാന്തി ഇല്ലെന്നും ബഹിരാകാശകേന്ദ്രത്തിലെത്തുമ്പോള്‍ വീട്ടിലെത്തുന്ന പ്രതീതിയാണുള്ളതെന്നും സുനിത പ്രതികരിച്ചു.

2006 ഡിസംബര്‍ ഒമ്പതിനാണ് ഡിസ്‌കവറി ബഹിരാകാശ പേടകത്തില്‍ സുനിത വില്യംസ് തൻ്റെ ആദ്യത്തെ ബഹിരകാശ യാത്ര നടത്തിയത്. തുടര്‍ന്ന് 2012ല്‍ അവര്‍ രണ്ടാമത്തെ യാത്ര നടത്തി. നാസയുടെ കണക്കുപ്രകാരം അവര്‍ ബഹിരാകാശത്ത് 322 ദിവസം ചിലവഴിച്ചു. ഏഴ് ബഹിരകാശനടത്തത്തിലൂടെ 50 മണിക്കൂര്‍ 40 മിനുട്ട് ചിലവഴിച്ച ആദ്യ വനിത ബഹിരാകാശ യാത്രിക എന്ന റെക്കോര്‍ഡും സുനിതക്ക് സ്വന്തമാണ്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ജുലാസാനില്‍ ജനിച്ച സുനിത പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ഇപ്പോള്‍ പുതിയ ബഹിരാകാശ വാഹനമായ ‘ബോയിങ്ങ് സ്റ്റാര്‍ലൈനറി’ല്‍ യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സുനിതയെന്നും നാസ അറിയിച്ചു.

മനുഷ്യരുമായി സ്റ്റാര്‍ലൈനര്‍ നടത്തുന്ന ആദ്യ പരീക്ഷണ യാത്രയാണിത്. വാണിജാവശ്യങ്ങള്‍ക്ക് സ്റ്റാര്‍ലൈനര്‍ ഉപയോഗിക്കുന്നതിൻ്റെ ഭാഗമായാണ് നാസയുമായി ചേര്‍ന്നുള്ള പരീക്ഷണം. 1998 ജൂണ്‍ മാസത്തില്‍ സുനിത വില്യംസ് നാസയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ആഗസ്റ്റ് മാസത്തില്‍ പരിശീലനം തുടങ്ങുകയും ചെയ്തു. അമേരിക്കയിലും റഷ്യയിലുമായി നിരവധി പരിശീലങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടു. ഇപ്പോള്‍ 58 വയസ്സുള്ള സുനിതയുടെ ആദ്യ ബഹിരാകാശയാത്ര 2006 ഡിസംബറില്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കായിരുന്നു. 2007 ജൂണ്‍ 22 വരെ അവര്‍ അവിടെക്കഴിഞ്ഞു. അന്ന് 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്തുനടന്ന് റെക്കോഡിട്ടു. 2012ല്‍ വീണ്ടും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍പ്പോയ അവര്‍ അത്തവണയും നടന്നു. ആകെ നടത്തം 50 മണിക്കൂറും 40 മിനിറ്റും. സുനിതയാണ് നിലവില്‍ ഏറ്റവും കൂടുതല്‍സമയം ബഹിരാകാശത്തുനടന്ന വനിത.

Be the first to comment

Leave a Reply

Your email address will not be published.


*