മാസപ്പടി കേസില്‍ അന്വേഷണം ഇല്ല; മാത്യു കുഴല്‍നാടൻ്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം: മാസപ്പടി കേസില്‍ അന്വേഷണമില്ല. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ ഹര്‍ജിയാണ് തള്ളിയത്. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനായിരുന്നു ഹര്‍ജി നല്‍കിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. സിഎംആര്‍എല്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട് സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു ആരോപണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.

സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് വഴിവിട്ട സഹായം നല്‍കിയെന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ കോടതി മാത്യു കുഴല്‍നാടനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഞ്ച് രേഖകള്‍ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ രേഖകളിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സും കോടതിയില്‍ വാദിച്ചു.

മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകളാണ് ഇതെന്നായിരുന്നു മാത്യു കുഴല്‍നാടൻ്റെ വാദം. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നതിനു പര്യാപ്തമായ രേഖകളാണ് ഹാജരാക്കിയതെന്നും കുഴല്‍നാടന്‍ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കുഴല്‍നാടൻ്റെ അഭിഭാഷകന്‍ രേഖകള്‍ കോടതിക്ക് കൈമാറുകയായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ മൈനിങ് പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് നിര്‍ദേശിച്ച ഉത്തരവ്, കെആര്‍ഇഎംഎല്ലിന് നല്‍കിയ പാട്ടക്കരാര്‍ റദ്ദാക്കണം എന്ന മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടറുടെ ഉത്തരവ്, സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയ പാട്ടക്കരാറുകള്‍ റദ്ദാക്കാന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മൈനിങ് ജിയോളജി ഡയറക്ടര്‍ നല്‍കിയ കത്ത്, കെആര്‍ഇഎംഎല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷ, ഭൂമിയില്‍ ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് കമ്പനി നല്‍കിയ അപേക്ഷ എന്നീ രേഖകളാണ് കുഴല്‍നാടന്‍ നല്‍കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*