എസ്‌എഫ്‌ഐ മഹാരാജാസ്‌ കോളേജ്‌ യൂണിറ്റ്‌ സെക്രട്ടറി പീച്ചി ഡാമിൽ മുങ്ങി മരിച്ചു

തൃശൂർ: പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയ മഹാരാജാസ് കോളേജ്‌ വിദ്യാർത്ഥി ഡാമിൽ മുങ്ങിമരിച്ചു. മലപ്പുറം താനൂര്‍ ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ യഹിയ(25) യാണ് മരിച്ചത്‌. ഇന്നലെ വൈകീട്ടോടെയാണ്‌ പീച്ചി ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്‌സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത്‌ യഹിയയെ കാണാതായത്. എസ്‌എഫ്‌ഐ എറണാകുളം മഹാരാജാസ്‌ കോളേജ്‌ യൂണിറ്റ്‌ സെക്രട്ടറിയാണ്‌.

സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ യഹിയ മുങ്ങി പോവുകയായിരുന്നു. എംഎസ്‌സി ബോട്ടണി വിദ്യാർഥിയാണ്. കോളേജിൽ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു. 4 സുഹൃത്തുക്കൾക്കൊപ്പം വൈകീട്ട് റിസർവോയറിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

യഹിയ മുങ്ങിയ ഉടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുട്ടായതോടെ ശ്രമം ഉപേക്ഷിച്ചു. പീച്ചി പൊലീസും ചാലക്കുടി, പുതുക്കാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും രാത്രി തെരച്ചിൽ നടത്തി. വനം ഉദ്യോഗസ്ഥരും വാച്ചർമാരും മത്സ്യബന്ധന തൊഴിലാളികളും സ്‌കൂബ ടീമും നാട്ടുകാരും തെരച്ചിലിൽ പങ്കെടുത്തു. രാവിലെയാണ്‌ മൃതദേഹം കണ്ടെടുത്തത്‌. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

 

Be the first to comment

Leave a Reply

Your email address will not be published.


*