കെജ്‌രിവാളിന്റെ ജാമ്യം: സംഘപരിവാറിന്റെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യത്തെ വാഴിക്കാമെന്ന് കരുതുന്ന സംഘപരിവാറിന്റെ മുഖത്തേറ്റ അടിയാണ് കോടതി വിധിയെന്നും അദ്ദേഹം പ്രതികരിച്ചു.

ഏത് ഏകാധിപതിക്കും മുകളിലാണ് നീതിന്യായ വ്യവസ്ഥ. കോടതി വിധിയും നിരീക്ഷണങ്ങളും അതിന് അടിവരയിടുന്നു. പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി ജനാധിപത്യത്തിന്റെ വിജയമാണ്. ഇന്ത്യ മുന്നണിക്ക് കൂടുതല്‍ ആത്മവിശ്വാസവും ഊര്‍ജവും നല്‍കുന്നതാണ് സുപ്രീം കോടതി വിധി. കെജ്‌രിവാള്‍ പ്രചരണ രംഗത്ത് എത്തുന്നത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും.

ഇന്ത്യ മുന്നണിക്ക് അനുകൂലമായ തരംഗമുണ്ടാകും. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളേയും രാജ്യത്തിന്റെ ആത്മാഭിമാനത്തേയും ചോദ്യം ചെയ്യാന്‍ ബിജെപിയെയും സംഘപരിവാര്‍ ശക്തികളേയും കോണ്‍ഗ്രസ് അനുവദിക്കില്ല. പ്രതിപക്ഷം കൂടുതല്‍ കരുത്താര്‍ജിക്കുമ്പോള്‍ വര്‍ഗീയ വിദ്വേഷം ചീറ്റുന്ന മോദിക്കും സംഘത്തിനും ഈ തിരഞ്ഞെടുപ്പിന്‍ ജനം കനത്ത തിരിച്ചടി നല്‍കുമെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*