സ്ത്രീവിരുദ്ധ പരാമർശം ; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ ആർഎംപി നേതാവ് കെ.എസ്.ഹരിഹരനെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ചോദ്യം ചെയ്യലിനായി വടകര പോലീസ് മുൻപാകെ ഹരിഹരൻ ഹാജരാവുകയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ പരാതിയിലാണ് പോലീസ് നടപടി. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹരിഹരന് പോലീസ് നോട്ടീസ് നൽകിയിരുന്നു. ആർഎംപി പ്രാദേശിക നേതാക്കൾക്കൊപ്പമാണ് ഹരിഹരൻ ചോദ്യം ചെയ്യലിന് ഹാജരായത്.

പ്രസംഗത്തിൽ നിയമപരമായ തെറ്റില്ലെന്നും രാഷ്ട്രീയമായി തെറ്റുണ്ടെന്നുമായിരുന്നു ഹരിഹരൻ്റെ പ്രതികരണം. പോലീസ് ഇനി വിളിപ്പിച്ചാലും ഹാജരാകുമെന്നും ഹരിഹരൻ വ്യക്തമാക്കി. പൊതു പ്രസംഗമാണ് നടത്തിയത്. ഉപമകളും അലങ്കാരങ്ങളും പ്രസംഗത്തിലുള്ളതാണ്. രാഷ്ട്രീയ തെറ്റ് മനസിലാക്കി തെറ്റ് തിരുത്തി. ഖേദപ്രകടനത്തിൽ തൃപ്തിവരാത്തവർ പരാതി നൽകി. തനിക്കെതിരെയും കെ കെ രമയ്ക്കെതിരെയും വലിയ സൈബർ ആക്രമണം നടന്നുവെന്ന് ആരോപിച്ച ഹരിഹരൻ മാധ്യമ പ്രവർത്തകർ പുനപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു.

പീഡന കേസിലെ പ്രതിയെ പോലെ ചിത്രീകരിച്ചു. സ്മൃതി പരുത്തിക്കാടിനെതിരെ വളരെ മോശമായി സി പി ഐ എം നേതാവ് പ്രതികരിച്ചു. ആരും പ്രതിഷേധിച്ചില്ലെന്നും ഹരിഹരൻ ചൂണ്ടിക്കാണിച്ചു. തനിക്ക് പാർട്ടി പിന്തുണയുണ്ടെന്നും ഹരിഹരൻ വ്യക്തമാക്കി. ‘ഞാൻ പാർട്ടിക്കൊപ്പമുണ്ട്, പാർട്ടി എനിക്കൊപ്പമുണ്ട്’ എന്നായിരുന്നു ഹരിഹരൻ്റെ പ്രതികരണം. 

കെ കെ ശൈലജയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമ‍ർശത്തിൽ കെ എസ് ഹരിഹരനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മഹിള അസോസിയേഷൻ നേതാവ് പുഷ്പദ നൽകിയ പരാതിയിലാണ് കേസെടുത്തത്.

Be the first to comment

Leave a Reply

Your email address will not be published.


*