ക്നാനായ യാക്കോബായ സുറിയാനി സഭ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം: ക്നാനായ യാക്കോബായ സുറിയാനി സഭ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്തയെ പാത്രിയർക്കീസ് ബാവ സസ്‌പെന്‍ഡ് ചെയ്തു. ഇത് സംബന്ധിച്ച് അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ കൽപന ഇന്ന് പുറത്തിറങ്ങി.കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ ആർച്ച് ബിഷപ് പദവി, വലിയ മെത്രാപ്പോലീത്ത പദവികൾ പാത്രിയർക്കീസ് ബാവ നേരത്തെ എടുത്തുകളഞ്ഞിരുന്നു.

അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. ഇതു സംബന്ധിച്ച് പല തവണ വിശദീകരണവും ചോദിച്ചിരുന്നു. തുടർന്ന് ഇന്നലെ നടന്ന ഓൺലൈൻ കോൺഫറൻസിലും ബിഷപ്പ് കുര്യാക്കോസ് മാർ സേവോറിയോസിൽ നിന്ന് വിശദീകരണം ബാവ തേടിയിരുന്നു എന്നാണ് വിവരം. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി.

സസ്പെൻഷൻ ഉത്തരവിൽ അമർഷം വ്യക്തമാക്കി ഒരു വിഭാഗം വിശ്വാസികൾ കോട്ടയം ചിങ്ങവനത്തുള്ള ബിഷപ്പിന്‍റെ ആസ്ഥാന മന്ദിരത്തിന് മുന്നിൽ പ്രതിഷേധിക്കുന്നുണ്ട്. ഇവരെ ശാന്തരാക്കുവാൻ ബിഷപ്പ് മന്ദിരത്തിൻ്റെ മട്ടുപ്പാവിലെത്തി അനുനയിപ്പിക്കുകയും ശാന്തരാകുവാൻ ആവശ്യപ്പെടുകയും ചെയ്തു. പാത്രിയർക്കീസ് ബാവായുടെ കല്പനയിൽ മാനേജിങ് കമ്മിറ്റി അംഗങ്ങളും പ്രത്യേക യോഗം ചേർന്ന് പ്രതിക്ഷേധിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*