സോളാര്‍ സമരത്തില്‍ ഡീല്‍ നടന്നിട്ടുണ്ടെങ്കില്‍ ഗൗരവതരമാണെന്ന് എന്‍ കെ പ്രമചന്ദ്രന്‍ എംപി

കൊല്ലം: സോളാര്‍ സമരത്തില്‍ ഡീല്‍ നടന്നിട്ടുണ്ടെങ്കില്‍ ഗൗരവതരമാണെന്ന് എന്‍ കെ പ്രമചന്ദ്രന്‍ എംപി. പക്ഷേ അങ്ങനെയൊരു ഡീലിനെ കുറിച്ച് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും വിവാദത്തില്‍ തന്റെ പേര് പരാമര്‍ശിച്ചത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം പരസ്യമായി വാര്‍ത്താസസമ്മേളനം വിളിച്ചു പ്രഖ്യാപിക്കാമെന്ന് ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത് എന്നാതായിരുന്നു സിപിഐഎമ്മിന്റെ വിശദീകരണം. ഇതില്‍ ഒരുതരത്തിലുള്ള ഇടപെടലുകളും ഗവണ്‍മെന്റുമായോ യുഡിഎഫ് അംഗങ്ങളുമായോ താന്‍ നടത്തിയിട്ടില്ല. ഡീല്‍ ഉണ്ടാകണമെങ്കില്‍ കൊടുക്കല്‍ വാങ്ങല്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാജിയായിരുന്നു സമരത്തിന്റെ ആവശ്യം. സമരം പരാജയമായിരുന്നെങ്കിലും രാഷ്ട്രീയ നേട്ടം ഉണ്ടായി. സമരം പൂര്‍ണ അര്‍ത്ഥത്തില്‍ വിജയമെന്ന് പറയാന്‍ കഴിയില്ല. സിപിഐഎമ്മിനും എല്‍ഡിഎഫിനും സമരം അന്ന് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഗുണം ചെയ്തു. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ കൃത്യമായി വിശദീകരണം സിപിഐഎം നല്‍കിയിട്ടില്ല. ബോംബ് നിര്‍മിച്ച് കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി മണ്ഡപം പണിയുമ്പോള്‍ കുറെക്കൂടി സിപിഐഎം ബന്ധം സ്ഥിരീകരിക്കപ്പെടുന്നു. ഇതിന്റെ ഫലം വടകര തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

എല്‍ഡിഎഫിന്റെ സോളാര്‍ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയല്‍ സമരം തീര്‍ത്തത് ഒരു ഫോണ്‍കോള്‍ വഴിയെന്നും സമരം തീര്‍ക്കാന്‍ ഇടപെട്ടത് രാജ്യസഭാ എം പി ജോണ്‍ ബ്രിട്ടാസെന്നുമായിരുന്നു മലയാള മനോരമ തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍. നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജോണ്‍ ബ്രിട്ടാസിന്റെ ഇടപെടലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജോണ്‍ ബ്രിട്ടാസ് വിളിച്ച് ഉമ്മന്‍ ചാണ്ടിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തിയത്.

സമരം അവസാനിപ്പിക്കേണ്ടേ എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. നേരത്തെ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം പത്രസമ്മേളനം വിളിച്ചു പറഞ്ഞാല്‍ മതി എന്നായിരുന്നു ആവശ്യമെന്നും ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തി. മലയാളം വാരികയില്‍ പ്രസിദ്ധീകരിക്കുന്ന സോളാര്‍ സത്യത്തെ മറച്ച സൂര്യഗ്രഹണം എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്താണ് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനം വ്യാപകമായിട്ടും ഇരുമുന്നണി നേതാക്കള്‍ ഇതില്‍ മൗനം തുടരുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*