പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

കോട്ടയം:കലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് പിന്നാലെ മഹാത്മാഗാന്ധി സര്‍വകലാശാലയും റെക്കോര്‍ഡ് വേഗത്തില്‍ ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ കഴിഞ്ഞ് പത്താം ദിവസം ഫലം പ്രസിദ്ധീകരിച്ചാണ് എംജി സര്‍വകലാശാലയും മികവ് ആവര്‍ത്തിച്ചത്.

ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം, ബിഎഫ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് എം. ജി. സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചത്.

ഒന്‍പത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിര്‍ണയ ക്യാമ്പുകളില്‍ രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന മെയ് 14ന് പൂര്‍ത്തീകരിച്ചു. മൂല്യനിര്‍ണയത്തിനുശേഷം ടാബുലേഷനും അനുബന്ധ ജോലികളും സമയബന്ധിതമായി തീര്‍ത്താണ് ഫലം തയ്യാറാക്കിയത്.

സര്‍വ്വകലാശാലയിലെ പരീക്ഷയുമായി ബന്ധപ്പെട്ട സെക്ഷനുകള്‍ അവധി ദിവസങ്ങളിലുള്‍പ്പെടെ പ്രവര്‍ത്തിച്ചത് അഭിമാനകരമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. മൂല്യനിര്‍ണയ ജോലികള്‍ ചിട്ടയോടെ പൂര്‍ത്തീകരിച്ച അധ്യാപകരേയും ക്യാമ്പുകള്‍ക്ക് മേല്‍നോട്ടം വഹിച്ചവരേയും പരീക്ഷാവിഭാഗത്തിലെ ജീവനക്കാരേയും ഏകോപനച്ചുമതല നിര്‍വ്വഹിച്ച വൈസ് ചാന്‍സലര്‍ തൊട്ട് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വരെയുള്ള സര്‍വ്വകലാശാലാ നേതൃത്വത്തിനേയും മന്ത്രി അഭിനന്ദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*