സിബിഐ അന്വേഷണം വേണം; ബാർ കോഴ വിവാദത്തിൽ വി എം സുധീരൻ

കൊച്ചി: ബാർ കോഴ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ വിഎം സുധീരനും. പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ 29 ബാറുകൾ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത് എന്നും ഇന്ന് അത് ആയിരത്തിലേറെയാക്കി പിണാറായി സർക്കാർ വർധിപ്പിച്ചുവെന്നും സുധീരൻ പറഞ്ഞു. സർക്കാരും ബാർ ഉടമകളുമായി ചർച്ച നടന്നിരിക്കുന്നു. ബാർ ഉടമകളും സർക്കാരും തമ്മിൽ ധാരണയുണ്ടെന്നും പുറത്ത് വന്ന സംഭാഷണം അതിന് തെളിവാണെന്നും സുധീരൻ പ്രതികരിച്ചു.

വിജിലൻസ് അന്വേഷണം പര്യാപ്തമല്ലെന്നും സിബിഐ അന്വേഷണം തന്നെ വേണമെന്നും സുധീരൻ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ മദ്യനയത്തിൽ അടിമുടി മാറ്റം വരുത്തണമെന്നും ഒരു കാരണവശാലും ഐടി പാർക്കുകളിൽ മദ്യത്തിന് അനുമതി നൽകാൻ പാടില്ലെന്നും സുധീരൻ ആവശ്യപ്പെട്ടു. വാർത്തകൾ പുറത്ത് കൊണ്ടുവന്നത് മാധ്യമങ്ങളാണെന്നും വാർത്തയുടെ സത്യാവസ്ഥ പുറത്തു വരേണ്ടത് അത്യാവശ്യമാണെന്നും സുധീരൻ പറഞ്ഞു.

മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിമോൻ വാട്ട്സാപ്പിലൂടെ നൽകിയ ശബ്ദ സന്ദേശം നേരത്തെ പുറത്തായിരുന്നു. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ രണ്ടര ലക്ഷം രൂപ നൽകണമെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് കൂടിയായ അനിമോൻ ശബ്ദസന്ദേശത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.ബാർ ഉടമകളുടെ സംഘടനയുടെ എക്സ്ക്യൂട്ടിവ് യോഗം ഇന്നലെ കൊച്ചിയിൽ ചേർന്നിരുന്നു. 

യോഗസ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോൻ സന്ദേശത്തിൽ പറയുന്നുണ്ട്. ഇടുക്കിയിൽ നിന്നും സംഘടനയിൽ അംഗമായവരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാൽ ആരോടും പണം പിരിക്കാൻ പറഞ്ഞിട്ടില്ലെന്ന പ്രതികരണവുമായി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വി സുനിൽ കുമാർ രംഗത്തെത്തി.

Be the first to comment

Leave a Reply

Your email address will not be published.


*