കള്ളക്കേസെടുത്ത് മകനെ സ്റ്റേഷനിലെത്തിച്ച് മര്‍ദിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി ട്വന്റിഫോര്‍ അതിരപ്പള്ളി റിപ്പോര്‍ട്ടര്‍ റൂബിന്‍ ലാലിന്റെ മാതാവ്. കള്ളപ്പരാതി നല്‍കിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ജാക്‌സണ്‍ ഫ്രാന്‍സിസ്, കേസെടുത്ത സിഐ ജി.ആന്‍ഡ്രിക് ഗ്രോമിക് എന്നിവര്‍ക്കെതിരെയാണ് റൂബിന്റെ മാതാവ് പരാതി നല്‍കിയിരിക്കുന്നത്. നടപടിയെടുത്തില്ലെങ്കില്‍ താന്‍ സ്റ്റേഷന് മുന്നില്‍ സമരമിരിക്കുമെന്നും മാതാവ് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ച പരാതിയില്‍ വ്യക്തമാക്കി. ഞങ്ങള്‍ പാര്‍ട്ടി കുടുംബമാണ്. പാര്‍ട്ടിയ്ക്ക് വേണ്ടി ത്യാഗം ചെയ്ത് എന്റെ ഭര്‍ത്താവ് മരിച്ചുപോയി.
ആകെ എനിക്ക് രണ്ട് മക്കളേയുള്ളൂ. അതില്‍ ഒരാളെ പോലീസ് കൊണ്ടുപോയിട്ട് മൂന്ന് ദിവസമായി. മുഖ്യമന്ത്രി ഇതില്‍ ഇടപെടണം. പരാതി നല്‍കിയ ശേഷം ഏറെ വൈകാരികമായാണ് റൂബിന്റെ മാതാവ് പ്രതികരിച്ചത്.റൂബിന്‍ ലാലിനെ വനംവകുപ്പിന്റെ കള്ളക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തതില്‍ പരിസ്ഥിതി സംഘടനകളം പ്രതിഷേധം ശക്തമാക്കുന്നുണ്ട്. നാളെ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ച്. അതേസമയം ലോക്കപ്പില്‍ റൂബിനെ പീഡിപ്പിച്ച സിഐ ആന്‍ഡ്രിക് ഗ്രോമികിനെ വെള്ളപൂശിയ എസ്പിയുടെ റിപ്പോര്‍ട്ടും തള്ളി. റൂബിനെതിരായ മര്‍ദ്ദന പരാതിയില്‍ കഴമ്പുണ്ടെന്ന് കാട്ടി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജാക്‌സണ്‍ എതിരെ വനംവകുപ്പ് നടപടിയെടുത്തു.
എന്നാല്‍ വീടിന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള ചായ്പന്‍കുഴിയിലേക്ക് സ്ഥലം മാറ്റി സംരക്ഷണം നല്‍കി ഉന്നത ഉദ്യോഗസ്ഥര്‍. സിസിഎഫ് ആടലരശന്നാണ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദ്ദേശിച്ച നടപടി അട്ടിമറിച്ചത്. പോലീസ് മര്‍ദ്ദനത്തില്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി അന്വേഷണം നടത്തിയെങ്കിലും സി ഐ യെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ട് ആണ് നല്‍കിയത്. വനം ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം റോബിനെ അറസ്റ്റ് ചെയ്യാന്‍ ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കിയത് എസ്പിയായിരുന്നു. മുഖ്യതെളുവായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതും റൂബിനെ ലോക്കപ്പ് മര്‍ദ്ദനത്തിനിര ആക്കിയതും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. റിപ്പോര്‍ട്ട് ലഘൂകരിക്കാന്‍ നീക്കം നടന്നതായി മനസ്സിലായതോടെ റിപ്പോര്‍ട്ട് സോണ്‍ ഐജി കെ. സേതുരാമന്‍ തള്ളി.
റൂറല്‍ എസ്പി നവനീത് ശര്‍മ്മയെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി. തൃശൂര്‍ ഡിഐജി അജിതാ ബീഗത്തിനാണ് ഇപ്പോള്‍ അന്വേഷണ ചുമതല. വനസംരക്ഷണ സമിതിയുമായി ബന്ധപ്പെട്ട കരാറുകളില്‍ അഴിമതി പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞ മാസം 15 വിവരാവകാശ അപേക്ഷകള്‍ റൂബിന്‍ലാല്‍ അതിരപ്പിള്ളി ഡിഎഫ്ഒ ലക്ഷ്മിക്കും, മധ്യമേഖല സിസിഎഫിനും നല്‍കിയിരുന്നു. ഇതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും കടുത്ത ഭീഷണി റൂബിന്‍ലാല്‍ നേരിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റൂബിനെതിരെ വനംവകുപ്പ് കള്ളക്കേസെടുത്തത്.
Be the first to comment