2020 ൽ പുറത്തിറങ്ങിയ തമിഴ് ഹിറ്റ് ചിത്രം മൂക്കുത്തി അമ്മന്റെ രണ്ടാം ഭാഗം എത്തുന്നു. ആർ ജെ ബാലാജി സംവിധാനം ചെയ്ത ആദ്യ ഭാഗം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടിയിരുന്നു. ലേഡി സൂപ്പർസ്റ്റാർ നയൻതാര ദേവി വേഷത്തിലെത്തിയ ചിത്രം കോമഡി എന്റർടൈനറായിരുന്നു. നിരവധി രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളും ചിത്രം ചർച്ച ചെയ്തിരുന്നു. എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നയൻതാര ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.
സീക്വലിൽ തെന്നിന്ത്യൻ നടി തൃഷയാകും ഉണ്ടാവുകയെന്നാണ് സൂചന. തൃഷയും ഇക്കാര്യത്തിൽ താല്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഒന്നാം ഭാഗത്തിന്റെ തുടർച്ചയാകില്ല രണ്ടാം ഭാഗം. സംവിധായകൻ ആർ ജെ ബാലാജിയും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കും. ഒന്നാം ഭാഗത്തിലും അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പ്രോജക്ടിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് ആരാധകർ. 2020-ലാണ് ആർ ജെ ബാലാജി, എൻ ജെ ശരവണൻ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ തിയേറ്ററുകളിൽ എത്തിയത്.
“ചിത്രത്തിൽ ചില രഹസ്യങ്ങളുണ്ട്, അത് വെളിപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. ഒരുപക്ഷെ, ഭാഗം രണ്ട് ചെയ്യുമ്പോൾ ഞങ്ങൾ അത് വെളിപ്പെടുത്തും. ഇക്കാലത്ത് ആളുകൾ ഓടാത്ത സിനിമകൾക്ക് പോലും തുടർച്ചകൾ ഉണ്ടാക്കുന്നു. മൂക്കുത്തി അമ്മൻ വിജയിച്ച ചിത്രമാണ്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടി. പിന്നെ എന്തുകൊണ്ട് രണ്ടാം ഭാഗം നിർമ്മിച്ചുകൂടാ? മൂക്കുത്തി അമ്മൻ്റെ തുടർച്ച തീർച്ചയായും ഉണ്ടാകും. ഭാഗം 25 അല്ലെങ്കിൽ 26 നിർമ്മിക്കുന്നതിനെക്കുറിച്ച് എനിക്കറിയില്ല, എന്നാൽ രണ്ടാം ഭാഗം വളരെ സാധ്യമാണ്.
മൂക്കുത്തി അമ്മൻ രണ്ടിനുള്ള ആശയം തീർച്ചയായും ഉണ്ട്,” അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ വളരെ പെട്ടെന്ന് തന്നെ രണ്ടാം ഭാഗം നിർമിക്കുന്നതിനോട് തനിക്ക് താത്പര്യം ഇല്ലെന്നും മൂക്കുത്തി അമ്മനേക്കാൾ ആകർഷകവും രസകരവുമായ കഥ ലഭിക്കുമ്പോൾ മാത്രമേ അതിന് തയ്യാറാവുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഒന്നാം ഭാഗത്തിൽ ഉർവ്വശി, അജയ് ഘോഷ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ജീവിതത്തിൽ ധാരാളം കഷ്ടപ്പാടുകൾ ഉണ്ടായിരുന്ന യുവാവിന്റെ മുൻപിലേക്ക് മൂക്കുത്തി അമ്മൻ എന്ന കുല ദൈവം പ്രത്യക്ഷപ്പെടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ഒന്നാം ഭാഗത്തിൽ ഉൾപ്പെടുന്നത്.
Be the first to comment