
കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ (93) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വദേശാഭിമാനി പുരസ്കാരം അടക്കം നിരവധി ബഹുമതികൾ നേടിയ, രാജ്യമറിയുന്ന മാധ്യമപ്രവര്‍ത്തകരിൽ ഒരാളായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമായ ബി ആർ പി ഭാസ്കർ എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1932 മാർച്ച് 12ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് ഏ കെ ഭാസ്കർ ഈഴവനേതാവും സാമൂഹിക പരിവർത്തനവാദിയും ആയിരുന്നു.
മീനാക്ഷി ഭാസ്കർ ആണ് മാതാവ്. 1951 ൽ കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി യും 1959 ൽ യൂണിവേഴ്സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കിയ ബി ആർ പി ഭാസ്കർ ‘ചരിത്രം നഷ്ടപ്പെട്ടവർ’, ‘ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവകുറിപ്പുകൾ’ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
നവഭാരതംപത്രം ഉടമ കൂടിയായായിരുന്നു ബിആർപി ഭാസ്കറിന്റെ പിതാവ്. ‘നവഭാരത’ത്തിൽ അച്ഛൻ അറിയാതെ അപരനാമത്തിൽ വാർത്തയെഴുതിയാണ് ബിആർപി ഭാസ്കർ മാധ്യമരംഗത്തേക്ക് എത്തിയത്. 1952-ൽ ‘ദ ഹിന്ദു’വിൽ ട്രെയിനിയായി. 14 വര്‍ഷം ദ ഹിന്ദു, സ്റ്റേറ്റ്സ്മാൻ, പേട്രിയറ്റ് എന്നീ പത്രങ്ങളില്‍ ജോലി ചെയ്തു. 1966-ല്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയിലും കശ്മീരിലും യുഎന്‍ഐയുടെ ബ്യൂറോ ചീഫായിരുന്നു. ഡെക്കാണ് ഹെറാള്‍ഡില്‍ 1984 മുതല്‍ മാധ്യമപ്രവര്‍ത്തകനായി. കശ്മീര്‍ ഭരണകൂടത്തിനെതിരെ വാര്‍ത്ത നല്‍കിയതിന് ബിആര്‍പിക്കെതിരേ വധശ്രമമുണ്ടായിട്ടുണ്ട്.
Be the first to comment