ഇന്ത്യൻ വംശജ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐഎസ്എസ്)ത്തിൽ സ്വീകരിച്ചത് മണി മുഴക്കി. തുടർന്ന് സന്തോഷത്താൽ സുനിത വില്യംസ് നൃത്തം ചെയ്തു. ഈ ദൃശ്യങ്ങളടങ്ങിയ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നാസ. ബോയിങ് സ്റ്റാര്‍ ലൈനര്‍ പേടകത്തിൽ ഇന്നലെയാണ് സുനിതയും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. നിരവധി അനിശ്ചിതത്വങ്ങള്‍ക്കൊടുവിലായിരുന്നു ഇരുവരും സുരക്ഷിതമായി ബഹിരാകാശ നിലയത്തിലെത്തിയത്.
നാസയുടെ ബഹിരാകാശയാത്രികരായ ബുച്ച് വില്‍മോറിനെയും സുനിത വില്യംസിനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുകയായിരുന്നു ‘ക്രൂ ഫ്ലൈറ്റ് ടെസ്റ്റ്’ എന്നറിയപ്പെടുന്ന സ്റ്റാര്‍ ലൈനര്‍ ദൗത്യത്തിന്റെ ലക്ഷ്യം. ഇതോടെ പുതിയ പേടകത്തിന്റെ ദൗത്യത്തില്‍ പറക്കുന്ന ആദ്യ വനിതയെന്ന ബഹുമതി അന്‍പത്തൊമ്പതുകാരിയായ സുനിത വില്യംസിന് സ്വന്തമായി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‌റെ പഴയ പാരമ്പര്യമായ മണി മുഴക്കിയാണ് സുനിതയെയും വില്‍മോറിനെയും അവര്‍ സ്വാഗതം ചെയ്തത്. തന്‌റെ ക്രൂ അംഗങ്ങളെ ‘മറ്റൊരു കുടുംബം’ എന്ന് വിളിച്ച് ഈ സ്വീകരണത്തിന് നന്ദിയും സുനിത അറിയിച്ചു.
ഫ്‌ളോറിഡയിലെ കേപ് കനാവറല്‍ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനില്‍നിന്ന് വിക്ഷേപിച്ച് 26 മണിക്കൂറിന് ശേഷമാണ് ബോയിങ് ബഹിരാകാശ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തത്.അറ്റ്‌ലസ് വി റോക്കറ്റ് ഉപയോഗിച്ചായിരുന്നു സ്റ്റാര്‍ ലൈനര്‍ വിക്ഷേപണം. ബഹിരാകാശ യാത്രയ്ക്കു മുന്‍പ് സുനിതയും ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനറിന്റെ എല്ലാ സംവിധാനങ്ങളും കഴിവുകളും സമഗ്രമായി പരിശോധിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ഹീലിയം ചോര്‍ച്ച പോലുള്ള ചെറിയ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനാല്‍ പറഞ്ഞതില്‍നിന്ന് ഒരു മണിക്കൂര്‍ വൈകിയാണ് വിക്ഷേപണം നടന്നതും. സുനിതയും ബുച്ച് വില്‍മോറും ഒരാഴ്ചയോളം ബഹിരാകാശത്ത് ചെലവഴിക്കുകയും വിവിധ പരീക്ഷണങ്ങളില്‍ സഹായിക്കുകയും ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യും.
Hugs all around! The Expedition 71 crew greets Butch Wilmore and @Astro_Suni aboard @Space_Station after #Starliner docked at 1:34 p.m. ET on June 6. pic.twitter.com/wQZAYy2LGH
— Boeing Space (@BoeingSpace) June 6, 2024
ഐഎസ്എസിലേക്കുള്ള യാത്രയുടെ ഭാഗമായി ബഹിരാകാശത്ത് ആദ്യമായി സ്റ്റാര്‍ലൈനര്‍ സ്വമേധയാ പറക്കുന്നത് ഉള്‍പ്പെടെയുള്ള പരീക്ഷണങ്ങളുടെ പരമ്പര പൂര്‍ത്തിയാക്കിയിരുന്നു. സ്റ്റാര്‍ലൈനറിന്‌റെ തിരിച്ചു മടങ്ങിവരവില്‍ കടലിനു പകരം കരയിലാകും ലാന്‍ഡ് ചെയ്യുക. ബഹിരാകാശ യാത്രികരെ കടത്തിവിടാന്‍ സ്‌പേസ് എക്‌സ് ക്രൂ സംവിധാനത്തിനു പകരം മറ്റൊരു സംവിധാനം നാസ ആഗ്രഹിക്കുന്നുണ്ട്. വാണിജ്യ ക്രൂ പ്രോഗാമിന്‌റെ ഭാഗമായി ബോയിങ് സ്റ്റാര്‍ ലൈനര്‍ ഇത് രൂപപ്പെടുത്തുകയാണ്. സാങ്കേതിക തകരാറുകള്‍ കണ്ടെത്തയതിനെത്തുടര്‍ന്ന് നാല് തവണയാണ് ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവച്ചത്. മേയ് ഏഴിനായിരുന്നു ആദ്യം വിക്ഷേപണ തീയതി തീരുമാനിച്ചിരുന്നത്. എന്നാല്‍ വിക്ഷേപണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഓക്സിജന്‍ റിലീവ് വാല്‍വ് തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്ന് വിക്ഷേപണം മാറ്റിവെച്ചു.
ഏഴ് ബഹിരാകാശയാത്രികരെ വഹിക്കാന്‍ കഴിയുന്ന സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകം ഭാഗികമായി പുനരുപയോഗിക്കാവുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കാനുള്ള ബോയിങ്ങിന്റെ ശേഷി വികസിപ്പിക്കുന്നതില്‍ സുപ്രധാനമായ അടയാളപ്പെടുത്തല്‍ കൂടിയാണ് ഈ ദൗത്യം. ലോകമെമ്പാടുമുള്ള വിമാനങ്ങള്‍, റോട്ടര്‍ക്രാഫ്റ്റുകള്‍, റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍, മിസൈലുകള്‍ എന്നിവ രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കോര്‍പറേഷനാണ് ബോയിങ് കമ്പനി. വിക്ഷേപണത്തോടെ ഇലോണ്‍ മസ്‌കിന്‌റെ സ്‌പേസ് എക്‌സിനുപുറമെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രികരെ എത്തിക്കുന്ന രണ്ടാമത്തെ സ്വകാര്യ സ്ഥാപനമായി ബോയിങ് മാറി. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്.
”ഞാന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുമ്പോള്‍, അത് വീട്ടിലേക്ക് മടങ്ങുന്നതുപോലെയാകും,” എന്നാണ് പുതിയ ദൗത്യത്തെ സുനിത വില്യംസ് വിശേഷിപ്പിച്ചത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ദൗത്യങ്ങളുടെ ഭാഗമായി 2006ലും 2012ലും സുനിത വില്യംസ് ബഹിരാകാശ യാത്രകള്‍ നടത്തിയിരുന്നു. 322 ദിവസമാണ് സുനിത ബഹിരാകാശത്ത് ചെലവഴിച്ചിട്ടുള്ളത്.
Be the first to comment