വനപാലകരുടെ കൈവെട്ടുമെന്ന് സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പത്തനംതിട്ട: വനപാലകരുടെ കൈവെട്ടുമെന്ന് സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഭീഷണി പ്രസംഗം. സി ഐ ടി യു വിൻ്റെ കൊടിമരം വനപാലകർ നീക്കം ചെയ്തു എന്നാരോപിച്ചായിരുന്നു ഭീഷണി. ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് സി പി ഐ എം തണ്ണിത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ ഭീഷണി പ്രസംഗം നടത്തിയത്.

കോന്നി അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപം സി ഐ ടി യു കൊടിമരം നാട്ടിയിരുന്നു. തുടർന്ന് മറ്റ് തൊഴിലാളി സംഘടനകളും കൊടിമരം നാട്ടാനായി ശ്രമം നടത്തിയിരുന്നു. വനഭൂമിയിൽ സി ഐ ടി യു അനധികൃതമായി കൊടിമരം സ്ഥാപിച്ചതിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് വനപാലകർ സംഘടനാ നേതൃത്വത്തെ അറിയിച്ചതായി സി പി ഐ എം പ്രാദേശിക നേതൃത്വം വ്യക്തമാക്കി. കേസെടുത്തതിൽ പ്രതിഷേധിച്ച് ഞള്ളൂർ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ സിപിഐഎമ്മിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. ഇവിടെ വച്ചാണ് കൊടിമരം ഊരിയെടുത്ത വനപാലകരുടെ കൈകൾ വെട്ടുമെന്ന് സി പി ഐ എം തണ്ണിത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ പ്രസംഗിച്ചത്.
വനപാലകർ കാടിനെ സേവിക്കണമെന്നും നാട്ടിൽ ഇറങ്ങി സേവിക്കാൻ വന്നാൽ വിവരമറിയുമെന്നും പ്രസംഗത്തിൽ പറയുന്നുണ്ട്. യൂണിഫോം ഇട്ട വനപാലകരെ തല്ലാത്തത് കേരളത്തിൻ്റെ മണ്ണിൽ ഇടത് പക്ഷം ഉള്ളത് കൊണ്ടാണെന്നും പ്രസംഗത്തിൽ ഉണ്ട്.
അഴിമതി മറച്ച് വയ്ക്കാനാണ് വനപാലകർ കൊടിമരം മാറ്റിയതെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആരോപിക്കുന്നു. ദേവാലയങ്ങളുടെ ബോർഡ് മാറ്റാൻ വനപാലകർ നിർദ്ദേശം നൽകിയതായും ഇത് നെറികേടാണെന്നും അദ്ദേഹം പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*