ഡ്രൈവിങ് സ്കൂൾ ഉടമകൾ സെക്രട്ടേറിയറ്റ് സമരത്തിന്

തിരുവനന്തപുരം: ഗതാഗത വകുപ്പിനെതിരേ വീണ്ടും സമരം ശക്തമാക്കാന്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍. യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ലെന്നും ഇന്‍സ്ട്രക്റ്റര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ വരണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സിഐടിയു അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഈ മാസം 10 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് കമ്മിറ്റി (സിഐടിയു) പ്രസിഡന്‍റ് കെ. സുധാകരനും ജനറല്‍ സെക്രട്ടറി സി.ടി. അനിലും അറിയിച്ചു.

വാഹനങ്ങളുടെ കാലപ്പഴക്കം 22 വര്‍ഷമായി തീരുമാനിക്കുക, സ്ലോട്ടുകളുടെ എണ്ണം ഒരു എംവിക്ക് 60 ആയി നിജപ്പെടുത്തുക, ഇന്‍സ്പെക്റ്റര്‍ പരിശീലനത്തിന്‍റെ ഫീസും പരിശീലന കാലാവധിയും പഴയതു പോലെ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

കെട്ടിക്കിടക്കുന്ന ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ മന്ത്രി അടിയന്തര നടപടി പ്രഖ്യാപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഗതാഗത മന്ത്രിയുമായി നടന്ന ചര്‍ച്ച തൃപ്തികരമല്ലെന്ന് സിഐടിയു ആദ്യമേ അറിയിച്ചതാണ്. എന്നിട്ടും ജനഹിതം മലസിലാക്കിയാണ് അന്ന് തുടര്‍സമരത്തിലേക്ക് നീങ്ങാതിരുന്നതെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ടെസ്റ്റ് നടക്കുമ്പോള്‍ ഗ്രൗണ്ടില്‍ അംഗീകൃത പരിശീലകര്‍ ഹാജരാകണമെന്ന വ്യവസ്ഥയാണ് പ്രധാനമായും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളെയും പരിശീലകരെയും ചൊടിപ്പിച്ചത്. ടെസ്റ്റ് നടക്കുമ്പോള്‍ ഡ്രൈവിങ് പരിശീലകരോ സ്‌കൂള്‍ ഉടമകളോ ഗ്രൗണ്ടില്‍ കയറരുതെന്ന് മുമ്പ് ഗതാഗത കമ്മിഷണര്‍ ഇറക്കിയ സര്‍ക്കുലറിന് വിരുദ്ധമാണ് പുതിയ നിര്‍ദേശമെന്നും മോട്ടര്‍ വാഹന നിയമത്തില്‍ ഈ വ്യവസ്ഥയില്ലെന്നും സ്‌കൂള്‍ ഉടമകളും ജീവനക്കാരും പറഞ്ഞു.

അതേസമയം, സിഐടിയു പ്രഖ്യാപിച്ച ഡ്രൈവിങ് സ്‌കൂള്‍ അനിശ്ചിതകാല സമരത്തെ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ തള്ളി. തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോവില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്റ്റര്‍ ടെസ്റ്റ് സമയത്ത് ഗ്രൗണ്ടില്‍ വരണമെന്നത് കേന്ദ്ര നിയമമാണെന്നും മന്ത്രി വിശദീകരിച്ചു. ചില ഡ്രൈവിങ് സ്‌കൂളുകളിലെ പരിശീലകര്‍ക്ക് മതിയായ യോഗ്യതയില്ലെന്നും അതിനാലാണ് അവര്‍ ഗ്രൗണ്ടില്‍ ഹാജരാകാത്തതെന്നുമാണ് മോട്ടര്‍ വാഹന വകുപ്പ് വിശദീകരണം.

 

Be the first to comment

Leave a Reply

Your email address will not be published.


*