കള്ള് കടം നല്‍കിയില്ല; ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് തടവും പിഴയും

മലപ്പുറം: കള്ള് കടം നല്‍കാത്തതിലുള്ള വിരോധം മൂലം ഷാപ്പ് ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് തടവും പിഴയും. അങ്ങാടിപ്പുറം ചെരക്കാപ്പറമ്പ് വലിയവീട്ടിപ്പടി പാതാരി വീട്ടില്‍ താജുദ്ദീനെ(40)യാണ് ശിക്ഷിച്ചത്. മഞ്ചേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എ വി ടെല്ലസിന് ആണ് 10 വര്‍ഷം കഠിന തടവും 51,500 രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തെ അധിക കഠിനതടവനുഭവിക്കേണ്ടി വരും.

പുഴക്കാട്ടിരി ആല്‍പ്പാറ വീട്ടില്‍ ചന്ദ്രബാബുവാ(49)ണ് പരാതി നല്‍കിയത്. 2019 മാര്‍ച്ച്‌ 13-ന് പുഴക്കാട്ടിരി കള്ള് ഷാപ്പിലെത്തിയ പ്രതി പണം നല്‍കാതെ കള്ള് ആവശ്യപ്പെടുകയായിരുന്നു. വില്‍പനക്കാരനും പരാതിക്കാരന്റെ സഹോദരനുമായ സത്യന്‍ കള്ള് നല്‍കിയില്ല. പ്രകോപിതനായ പ്രതി സത്യന്റെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. കൊളത്തൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായ ഒ വി മോഹന്‍ദാസാണ് താജുദ്ദീനെ അറസ്റ്റ് ചെയ്തത്.

സബ് ഇന്‍സ്‌പെക്ടര്‍ എം കെ ജോയ് അന്വേഷണം നടത്തിയ കേസില്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ മധുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ പി ഷാജു സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ സിവില്‍ പോലീസ് ഓഫിസര്‍ അബ്ദുല്‍ ഷുക്കൂര്‍ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*