കുട്ടികളോട് ക്രൂരത കാട്ടുന്ന രാജ്യങ്ങളിൽ ഇസ്രയേലിനെ ഉള്‍പ്പെടുത്തി യുഎന്‍; ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് നെതന്യാഹു

കുട്ടികള്‍ക്കെതിരെ ക്രൂരത കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒടുവില്‍ ഇസ്രയേലിനെ ഉൾപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം എട്ടുമാസം പിന്നിടുമ്പോഴാണ് യുഎന്നിന്റെ തീരുമാനം. ഐക്യരാഷ്ട്ര സഭയുമായുള്ള ബന്ധത്തെ തീരുമാനം ബാധിക്കുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും ഇസ്രയേൽ പ്രതികരിച്ചു.

എട്ടുമാസമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ 13000 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിനകം 38,000 ആളുകളാണ് ഇസ്രായേലിന്റെ ആക്രമണത്തില്‍ മരിച്ചത്. ഇസ്രായേലിനെതിരെ ചെറുത്തുനില്‍പ്പു നടത്തുന്ന ഹമാസിനെയും യുഎന്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ എട്ടിന് ഹമാസ് നടത്തിയ ആക്രമണവും കുട്ടികളെ അടക്കം തട്ടികൊണ്ടുപോയതുമാണ് ഹമാസിനെ പട്ടികയില്‍ പെടുത്താന്‍ കാരണം.

യു എന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി വെര്‍ജീനിയ ഗാംബയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അടുത്ത വെള്ളിയാഴ്ച റിപ്പോര്‍ട്ട് യുഎന്‍ രക്ഷാസമിതി ചര്‍ച്ച ചെയ്യും.

ഇസ്രയേലിനെ പട്ടികയില്‍പ്പെടുത്തിയതിനെ ബെഞ്ചമിന്‍ നെതന്യാഹു നിശിതമായി വിമര്‍ശിച്ചു. ഹമാസിനെ പിന്തുണയ്ക്കുന്ന ഐക്യരാഷ്ട്ര സഭ തന്നെ കരിമ്പട്ടികയില്‍ പെട്ടിരിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ആരോപിച്ചു. പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് സഹായമെത്തിക്കുന്ന ഏജന്‍സിയോടടക്കം ഇപ്പോള്‍ തന്നെ ഇസ്രയേല്‍ സഹകരിക്കുന്നില്ല.

കഴിഞ്ഞ തവണ തന്നെ ഇസ്രയേലിനെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കമുണ്ടായിരുന്നുവെന്നും എന്നാല്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുഎന്‍ ഏജന്‍സിക്ക് പിന്‍മാറേണ്ടി വന്നതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

‘ഇസ്രയേലും സായുധ ഗ്രൂപ്പുകളും നേരത്തെ തന്നെ യുഎന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ തെളിവുകളുണ്ടായിരുന്നു. എങ്കിലും അവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല,’ മനുഷ്യാവകാശ സംഘടനയായ വാച്ച്‌ലിസ്റ്റിന്റെ ഡയറക്ടർ എസ്‌ക്യൂയെല്‍ ഹെഫീസ് പറഞ്ഞു.

കുട്ടികള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് നേരത്ത തന്നെ യുഎന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രയേലും ഹമാസും നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഗാസയിലെ സ്കൂളിന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയത്. ആക്രമണം നടന്ന സ്‌കൂളില്‍നിന്നും നിരവധി കുട്ടികളുടെ മൃതദേഹങ്ങള്‍ കിട്ടിയതായി റിപ്പോർട്ടുകൾ ഉണ്ട്. 40 ലധികം ആളുകള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 6000 ത്തിലധികം ആളുകള്‍ കഴിയുകയായിരുന്ന സ്‌കൂളിന് നേരെയാണ് അന്താരാഷ്ട്ര മുന്നറിയിപ്പുകള്‍ പരിഗണിക്കാതെ ഇസ്രായേല്‍ ആക്രമണം നടത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*