ഭൂമിയുടെ അതിസുന്ദരമായ ചിത്രം ചന്ദ്രന്‌റെ ഭ്രമണപഥത്തില്‍ നിന്ന്‌ പകർത്തിയ ബഹിരാകാശ യാത്രികൻ വില്യം ആന്‍ഡേഴ്‌സ് ഇനി ഓർമ

ഭൂമിയുടെ അതിസുന്ദരമായ ചിത്രം ചന്ദ്രന്‌റെ ഭ്രമണപഥത്തില്‍നിന്ന് പകർത്തിയ ബഹിരാകാശ യാത്രികൻ വില്യം ആന്‍ഡേഴ്‌സ് ഇനി ഓർമ. ചന്ദ്രനെ ആദ്യം വലംവെച്ചവരിൽ ഒരാളായ ആന്‍ഡേഴ്‌സ് അപ്പോളോ-8 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായിരുന്നു. വിമാനാപകടത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആൻഡേഴ്സ് പറത്തിയ ചെറുവിമാനം വാഷിങ്ടണിലെ ജുവാന്‍ ദ്വീപിനടുത്തുള്ള കടലില്‍ തകര്‍ന്നു വിഴുകയായിരുന്നു.

അമേരിക്കന്‍ വ്യോമസേനയിലെ മുന്‍ മേജര്‍ ജനറലായ വില്യം ആൻഡേഴ്സ് 1968ലെ അപ്പോളോ-8 ചാന്ദ്രദൗത്യത്തിനിടെയാണ് നീല മാര്‍ബിള്‍ പോലെ തിളങ്ങുന്ന ഭൂമിയുടെ ചിത്രം പകർത്തിയത്. ചാന്ദ്രഭ്രമണപഥത്തിൽനിന്ന് പകർത്തിയ ഈ ചിത്രത്തിലൂടെയാണ് ഭൂമിയെക്കുറിച്ചുള്ള ഏറ്റവും നിര്‍ണായക രൂപം ശാസ്ത്രലോകത്തിനു ലഭിച്ചത്.

വില്യം ആൻഡേഴ്സ് പകര്‍ത്തിയ ‘എര്‍ത്ത് റൈസ്’ ചിത്രം

‘എര്‍ത്ത് റൈസ്’ എന്ന പേരില്‍ പ്രശസ്തമായ ചിത്രത്തിന്‌റെ ഒറിജിനല്‍ പ്രിന്റ് 2022ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന ലേലത്തില്‍ 11,800 യൂറോ (10,65,749 രൂപ)യ്ക്കാണ് വിറ്റുപോയത്. ലോകത്തെ മാറ്റിമറിച്ച നൂറ് ഫോട്ടോകളുടെ കൂട്ടത്തില്‍ വില്യം ആന്‍ഡേഴ്സിന്‌റെ ‘എര്‍ത്ത് റൈസി’നെ ലൈഫ് മാഗസിന്‍ അടയാളപ്പെടുത്തിയിരുന്നു.

ചന്ദ്രനെ 10 വട്ടം വലംവെച്ചുള്ള അപ്പോളോ-8ന്റെ പര്യടനത്തിനിടെയായിരുന്നു വിഖ്യാത ചിത്രം ‘എര്‍ത്ത് റൈസ്’ വില്യം ആൻഡേഴ്സ് പകര്‍ത്തിയത്. അപ്പോളോ 8 കമാന്‍ഡ് മൊഡ്യൂളും സര്‍വീസ് മൊഡ്യൂളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം പാരിസ്ഥിതിക താത്വിക സ്വാധീനം കണക്കിലെടുക്കുമ്പോള്‍ ബഹിരാകാശ പദ്ധതിയിലെ തന്‌റ ഏറ്റവും പ്രധാനപ്പെട്ട സംഭാവനയാണ് ഗ്രഹത്തില്‍ നീല നിഴല്‍ പതിയുന്ന ആ ചിത്രമെന്ന് വില്യം പലതവണ പറഞ്ഞിട്ടുണ്ട്.

യുഎസ് വ്യോമസേനയുടെ ഭാഗമായിരുന്ന വില്യം ആന്‍ഡേഴ്സ് നാസയുടെ 1968ലെ അപ്പോളോ-8 ദൗത്യത്തിന്‌റെ ഭാഗമായതോടെയാണ് ബഹിരാകാശ ഗവേഷണരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. വില്യം ആന്‍ഡേഴ്സിനൊപ്പം ഫ്രാങ്ക് ബോര്‍മാനും ജയിംസ് ലോവലും ചന്ദ്രനെ വലംവെച്ച ആദ്യ മനുഷ്യര്‍ എന്നനിലയിൽ അന്ന് ചരിത്രം കുറിച്ചു. ഭൂമിയിലിറങ്ങാതെ പത്ത് വട്ടമാണ് ഇവര്‍ ചന്ദ്രനെ ഭ്രമണപഥത്തില്‍ വലംവെച്ചത്.

 

Be the first to comment

Leave a Reply

Your email address will not be published.


*