‘പ്രേമലു’വിന് ഇതര ഭാഷകളില്‍ ഉള്‍പ്പെടെ ലഭിച്ച സ്വീകരണം അപ്രതീക്ഷിതമെന്ന് നടി മമിത ബൈജു. മമിതാ ബൈജുവിന് വന്‍ ജനപ്രീതിയും അംഗീകാരവും നേടിക്കൊടുത്ത ചിത്രമാണ് ‘പ്രേമലു’. ‘റിബല്‍’ എന്ന സിനിമയിലൂടെ തമിഴ് സിനിമാരംഗത്തും അരങ്ങേറ്റം കുറിച്ച മമിത, സംവിധായകന്‍ റാം കുമാറിന്റെ ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.
‘പ്രേമലു’ സിനിമയില്‍ അഭിനയിച്ച ഓരോരുത്തര്‍ക്കും ലഭിച്ച അംഗീകാരം ഏറെ സന്തോഷം നല്‍കുന്നതാണ്. അഭിനയത്തില്‍ താന്‍ മാതൃകയായി സ്വീകരിച്ചിരിക്കുന്ന നടിമാര്‍ ഉര്‍വശി, ശോഭന എന്നിവരാണ്. വിവിധ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഉര്‍വശിയുടെ വൈദഗ്ധ്യം എടുത്ത് പറയേണ്ടതാണ്. അതോടൊപ്പം തന്നെ അസിന്‍, നയന്‍താര എന്നീ മലയാളികളായ നടിമാരുടെ അഭിനയമികവ് പ്രചോദനം നല്‍കുന്നതാണ് എന്നും മമിത. റാം കുമാറിന്റെ പുതിയ ചലച്ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച താരം, തന്റെ ആദ്യ തമിഴ് ചലച്ചിത്രമായ ‘റിബെലി’ലൂടെ തമിഴ് സിനിമാ രംഗത്ത് നിന്നു ലഭിച്ചത് നല്ല അനുഭവങ്ങളാണെന്നും വ്യക്തമാക്കി. വളരെ കൂടുതല്‍ സിനിമകള്‍ കാണാറില്ലെങ്കിലും, കാണുന്ന സിനിമകള്‍ വളരെ ആസ്വദിക്കുന്ന പ്രേക്ഷകയാണ് താനെന്നും മമിത.
സിനിമ പശ്ചാത്തലമില്ലാതെ ആ മേഖലയില്‍ എത്തിയ ഒരാളായത് കൊണ്ട് മാതാപിതാക്കള്‍ക്ക് തന്റെ അഭിനയജീവിതത്തെപ്പറ്റി ആശങ്കയുണ്ടായിരുന്നു. ആദ്യചിത്രമായ ‘സര്‍വോപരി പാലക്കാരനി’ല്‍ വളരെ ചെറിയ ഒരു വേഷമാണ് ലഭിച്ചത്. അഭിനയത്തോടുള്ള ആവേശം മൂലമാണ് പല ചിത്രങ്ങളിലും വേഷമിട്ടത്. എന്നാല്‍ സ്‌കൂള്‍ കാലഘട്ടത്തിനു ശേഷമാണ് സിനിമയെ ഗൗരവത്തോടെ എടുത്തു തുടങ്ങിയത്. സൂപ്പര്‍ ശരണ്യ, ഓപ്പറേഷന്‍ ജാവ, ഖോ ഖോ എന്നിവ തന്റെ അഭിനയജീവിതത്തിലെ മികച്ച ചിത്രങ്ങളാണ് എന്നും മമിത.
വളരെ ആലോചിച്ചു മാത്രം ജോലി സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ താത്പര്യപ്പെടുന്ന വ്യക്തിയാണ് താന്‍. കൃത്യമായ പദ്ധതികളോടെ അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാറുണ്ടെങ്കിലും സ്വകാര്യ ജീവിതത്തില്‍ വളരെ പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാറുണ്ട്. സമ്മര്‍ദത്തില്‍ അകപ്പെട്ടാല്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടാറുണ്ട്. എന്നാല്‍ അത്തരത്തിലുള്ള സാഹചര്യങ്ങളില്‍ വളരെ വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്ന ചലച്ചിത്ര താരങ്ങള്‍ തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നും മമിത വ്യക്തമാക്കി.
Be the first to comment