കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 49ല്‍ 43 പേരും ഇന്ത്യക്കാര്‍. ദുരന്തത്തിന് ഇരയായ 15 മലയാളികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. അന്‍പതിലേറെ പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി കോതപ്പറമ്പ് കുപ്പന്റെ പുരയ്ക്കല്‍ നൂഹ് (40), മലപ്പുറം പുലാമന്തോള്‍ തിരുത്ത് സ്വദേശി എംപി ബാഹുലേയന്‍ (36), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി പ്രദീപ് (27) എന്നിവരുടെ മരണമാണ് പുതുതായി സ്ഥിരീകരിച്ചത്.
കാസര്‍കോട് തൃക്കരിപ്പൂര്‍ എളമ്പച്ചി സ്വദേശി കേളു പൊന്മലേരി, ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), പാമ്പാടി സ്വദേശി സ്റ്റെഫിന്‍ ഏബ്രഹാം സാബു(29), പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് എസ്.നായര്‍, കൊല്ലം സ്വദേശി ഷമീര്‍ ഉമറുദ്ദീന്‍, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരന്‍ (54 , കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു48), പുനലൂര്‍ നരിക്കല്‍ വാഴവിള സ്വദേശി സാജന്‍ ജോര്‍ജ്, കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ്(56), തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മന്‍, കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍ എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. സ്ഥിതിഗതി വിലയിരുത്തുന്നതിനായി വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍സിങ് കുവൈത്തിലേക്ക് യാത്ര തിരിച്ചു. അവിടെത്തിയശേഷം ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ മന്ത്രി സന്ദര്‍ശിക്കും. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തും. കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അലി അല്‍ യഹ്യയുമായി സംസാരിച്ചെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണമുണ്ടാകുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും മന്ത്രി ഉറപ്പുനല്‍കിയതായി ജയ്ശങ്കര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു.
കെട്ടിട സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നിരവധി പേര്‍ മരിച്ചത് അതീവ ദുഃഖകരമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. അപകടത്തില്‍ ജീവന്‍ നഷ്ടമായവരില്‍ നിരവധി മലയാളികളുണ്ടെന്നതു നടുക്കം വര്‍ധിപ്പിക്കുന്നെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ക്കു എത്രയും വേഗം സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു.
Be the first to comment